കോവിഡ് പ്രതിരോധ വാക്സിൻ ഒക്ടോബറിൽ വിപണിയിലെത്തിക്കും എന്ന് ഇന്ത്യൻ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ആയിരം രൂപയായിരിക്കും വാക്സിൻ ലഭ്യമാക്കുക എന്ന് പൂനെ ആസ്ഥാനമായുള്ള കമ്പനി അധികൃതർ അറിയിച്ചു. നിലവിൽ കണ്ടെത്തിയിരിക്കുന്ന വാക്സിൻ ഉപയോഗിച്ച് മനുഷ്യരിലുള്ള പരീക്ഷണം അവസാനഘട്ടത്തിലാണ് എന്ന് കമ്പനി ഡയറക്ടറായ പുരുഷോത്തമൻ സി നമ്പ്യാർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാർ അനുമതിയോടുകൂടിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടു കൂടിയുമാണ് പ്രതിരോധ വാക്സിനായി മുന്നേറുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് മരുന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രോഗവ്യാപനം ലോകരാഷ്ട്രങ്ങളിൽ രൂക്ഷമായതിനാൽ പരീക്ഷണം പുരോഗമിക്കുമ്പോൾ തന്നെ വ്യാവസായികമായുള്ള നിർമ്മാണത്തിന് തുടക്കം ഇടാനാണ് പദ്ധതി എന്നും കമ്പനി അധികൃതർ അറിയിച്ചു. ജൂണിൽ നിർമാണം തുടങ്ങി സെപ്റ്റംബറോടുകൂടി രണ്ടുകോടി കോവിഡ് പ്രതിരോധ വാക്സിൻ ഡോസ് തയ്യാറാക്കി വെക്കുമെന്നാണ് നിലവിലുള്ള പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here