മനസ്സിന്റെ അനന്തമായചിന്തകളെ അക്ഷരരൂപത്തിൽ ആവാഹിച്ചടച്ച പേടകങ്ങളാണ് പുസ്തകങ്ങൾ. ഒരായിരം ജന്മങ്ങളിലൂടെയുള്ള സ്വതന്ത്രസഞ്ചാരമായിരിക്കും ഒരു നല്ല വായനക്കാരന്റെ ഏറ്റവുംവലിയ സമ്പാദ്യം. പുസ്തകത്താളുകളുടെ ഗന്ധം ശ്വസിച്ചുറങ്ങുന്ന തലമുറയല്ല ഇന്നുള്ളത്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങളിലൂടെ മാധ്യമങ്ങളിലൂടെ അവരും വായനയുടെ സുഖമാസ്വദിക്കുന്നവരാണുതാനും. സാങ്കേതികത പുസ്തകമെഴുത്തിന്റെയും വായനയുടെയും ആസ്വാദ്യതയ്ക്ക് മേൽ യാത്രചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുമ്പോഴും പുതുരചനകൾക്ക് പഞ്ഞമില്ലെന്ന് തെളിയിക്കുകയാണ് മറ്റൊരു പുസ്തകപ്രദർശനത്തിലൂടെ ഷാർജ ബുക്ക് അതോറിറ്റി. യു.എ.ഇയിലെ ഏറ്റവും വലിയ പുസ്തകമേള ഇത്തവണ ലോകത്തോട് പറയുന്നത് ‘എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്’ എന്നാണ്‌. ശരിയായ പുസ്തകം കണ്ടെത്തുന്ന നിമിഷം മുതൽ നിങ്ങളൊരു വായനക്കാരനായി മാറുകയും ചെയ്യുന്നു.

കേരളത്തിനുപുറത്ത് ഏറ്റവുമധികം മലയാളമെഴുത്തുകാർ ഒത്തുചേരുന്ന മേളയെന്നനിലയ്ക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മലയാളി സമൂഹത്തിനിടയിലും ഖ്യാതിയേറെയുണ്ട്. ഏഴ് എമിറേറ്റുകളിൽ ജോലിചെയ്യുന്ന കേരളീയരിൽ ഭൂരിഭാഗവും വർഷത്തിലൊരിക്കൽ നടക്കുന്ന ഷാർജയിലെ ഈ പുസ്തകമേളയിൽ സാന്നിധ്യമറിയിക്കാറുണ്ട്. അത് പലപ്പോഴും അവരിഷ്ടപ്പെടുന്ന സാഹിത്യകാരന്റെയോ സാംസ്കാരികപ്രവർത്തകന്റെയോ ഒരു പരിപാടിയുടെ ഭാഗമാകുന്നത്തിനുവേണ്ടിയാകാം. ഇഷ്ടമുള്ള പുസ്തകം പ്രസാധകരിൽനിന്ന് എഴുത്തുകാരന്റെ ഒപ്പോടുകൂടി സ്വീകരിക്കുന്നതിനാകാം. അതുമല്ലെങ്കിൽ നാട്ടിലെ ഒരു പുസ്തകമേളയിലെ സന്ദർശനത്തിന് സമാനമായ നിമിഷങ്ങൾ ആസ്വദിക്കുന്നതിനുവേണ്ടിയുമാകാം.

സെൽഫ് പേയ്‌മെന്റ് മെഷീനുകൾ

കോവിഡിന്റെ ശക്തികുറഞ്ഞശേഷം വിപുലമായി സംഘടിപ്പിക്കപ്പെടുന്ന 40-മത് ഷാർജ പുസ്തകോത്സവത്തിന് പ്രത്യേകതകളേറെയാണ്. പ്രസാധകരുടെയും എഴുത്തുകാരുടെയും സന്ദർശകരുടെയുമെല്ലാം ആയാസരഹിതമായ ഇടപെടലുകൾക്ക് വേണ്ടി സമഗ്രസംവിധാനങ്ങളാണ് ഷാർജ ബുക്ക് അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. അതിലേറ്റവും പ്രധാനം പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള നൂതനരീതിയാണ്. ഷാർജ സെൻട്രൽ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് സജ്ജമാക്കിയ ‘സെൽഫ് പേയ്‌മെന്റ് മെഷീനുകൾ’ ഇടപാടുകൾ എളുപ്പവും ആരോഗ്യകരവുമാകുമെന്ന് ഉറപ്പാക്കുന്നു. ഡിജിറ്റൽ ഡെസ്‌കുകളും സേവനലഭ്യത അനായാസമാക്കുന്നു. അതോറിറ്റി പുറത്തിറക്കിയ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ഫെയർ ‘ആപ്പ്’ സീസണിലെ മുഴുവൻ പരിപാടികളുടെയും കൃത്യമായ വിവരണം വിരൽത്തുമ്പിലേക്ക് എത്തിക്കുന്നതാണ്. പ്രസാധകരുടെ വിവരങ്ങൾ, വിനോദപരിപാടികൾ, ശില്പശാലകൾ, സാംസ്കാരികപരിപാടികൾ എന്നിവയെക്കുറിച്ച് മനസിലാക്കി സന്ദർശനസമയം ചിട്ടപ്പെടുത്താൻ ഇത് അവസരമൊരുക്കുന്നു. എഴുത്തും വായനയ്ക്കും പുറമെ കുട്ടികൾക്കായുള്ള ചിത്രരചനയും ഒറിഗാമിയടക്കം ആകർഷകമായ വിനോദ വിജ്ഞാനപരിപാടികളും വേദികൾക്ക് രസംപകരും.

ഒത്തുചേരലുകൾക്ക് വേദികൾ കൊട്ടിയടക്കപ്പെട്ട നീണ്ട കാലയളവിനൊടുക്കം പ്രതീക്ഷയുടെ പുതിയ അക്ഷരവസന്തത്തെ വരവേൽക്കുകയാണ് യു.എ.ഇ.യിലെ പ്രസാധക സമൂഹം. നിർബന്ധിത സാമൂഹിക ഉൾവലിയൽ സൃഷ്ടിപരമായ മുഹൂർത്തങ്ങൾക്ക് വേദിയൊരുക്കിയിട്ടുണ്ടെന്നത് മേഖലയിൽ രചിക്കപ്പെട്ട പുസ്തകങ്ങളുടെ എണ്ണത്തിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്. ലോക്ഡൗൺ രചനകൾ ലോകം വായിക്കാനിരിക്കുന്നതേയുള്ളുവെന്ന സന്ദേശമാണ് ഇത് നൽകുന്നത്. 83 രാജ്യങ്ങളിൽനിന്നുള്ള 1566 പ്രസാധകരാണ് മേളയുടെ ഭാഗമായിട്ടുള്ളത്. 250 പ്രസാധകർ യു.എ.ഇ.യിൽ നിന്നുമാത്രമുള്ളതാണ്. ഇന്ത്യയിൽനിന്നുള്ള 87 പ്രസാധകരാണ് മേളയെ സമ്പുഷ്ടമാക്കുന്നത്. പകർപ്പവകാശ സംരക്ഷണം, പ്രസിദ്ധീകരണ സ്വാതന്ത്ര്യം, സാഹിത്യമേഖലയുടെ വികസനം തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ ചർച്ചചെയ്യപ്പെടുന്ന വേദികൂടിയാകുമിതെന്ന് ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഭകളുടെ സംഗമവേദി

എഴുത്തിലും സാഹിത്യത്തിലും സമഗ്രസംഭാവനകൾ നൽകിയ പ്രതിഭകളുടെ സംഗമവേദിയാണിത്. സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടിയ അബ്ദുൽ റസാഖ് ഗുർനയെപ്പോലെയുള്ളവരിൽനിന്ന് നേരിട്ട് കേൾക്കാനുള്ള അവസരം ഓരോ പുസ്തകപ്രേമികൾക്കും സമ്മാനിക്കുക ഉദാത്തമായ നിമിഷങ്ങളാകും.

ടാൻസാനിയക്കാരയായ ഗുർന നൊബേൽ ജേതാവുകൂടിയായശേഷം ആദ്യമായി അഭിസംബോധന ചെയ്യുന്ന വേദിയായി ഷാർജ പുസ്തകോത്സവം മാറുന്നത് അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്റെ പൂർത്തീകരണം കൂടിയാകുന്നു. അദ്ദേഹത്തിന്റെ ജീവിതം, തൂലികാസഞ്ചാരം, ആഫ്രിക്കൻ സാഹിത്യശാഖയുടെ വളർച്ച എന്നിവയെല്ലാം നേരിട്ട് കേൾക്കാനാകുന്നത് സാഹിത്യപ്രേമികളുടെയും ഗവേഷണ വിദ്യാർഥികളുടെയും പുസ്തകത്താളുകളിൽ വിലപ്പെട്ട കുറിപ്പടികളായിമാറും.

മാറുന്ന കാലത്തിന്റെ വേദികളാണ് സാമൂഹിക മാധ്യമങ്ങൾ. ഇതിലെ സാധ്യതകളും പെരുമാറ്റരീതികളുമെല്ലാം വിദഗ്ധരിൽനിന്ന് നേരിട്ടറിയാൻ സോഷ്യൽ മീഡിയ സ്റ്റേഷനെന്നപേരിൽ ഒരുക്കിയ പ്രത്യേകപദ്ധതിയും ഇത്തവണത്തെ മാത്രം പ്രത്യേകതയാണ്. സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകൾ സക്രിയമാക്കാൻ ഇവിടെയെത്തുന്നവരിൽ എല്ലാ പ്രായത്തിലുള്ളവരുമുണ്ട്. ഓൺലൈൻ ലോകത്തോട് സംവദിക്കേണ്ട രീതികളും അത് വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങൾക്ക് ഏതെല്ലാം വിധത്തിൽ പ്രയോജനകരമാക്കാമെന്നതും വൈകുന്നേരങ്ങളിൽ നടക്കുന്ന ശില്പശാലകളിൽ വിശദമാക്കുന്നുണ്ട്. കടലാസുതാളുക ളിൽനിന്ന് കംപ്യൂട്ടർ സ്ക്രീനിലേക്കുള്ള മാറ്റത്തെ പൂർണമായും ഉൾക്കൊണ്ടുകൊണ്ടുള്ള ബുക്ക് അതോറിറ്റിയുടെ ഈ ഉദ്യമത്തെ പ്രശംസിക്കാതെ വയ്യ.

Courtesy : Manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here