യു.എ.ഇ. യുടെ ബഹിരാകാശയാത്രികൻ സാലിഹ് അൽ അമേരിയുടെ യാത്രക്ക് മുന്നോടിയായുള്ള എട്ടുമാസത്തെ ഏകാന്തവാസം തുടങ്ങി.

മൂന്ന് റഷ്യൻ, രണ്ട് അമേരിക്കൻ ബഹിരാകാശ യാത്രികർക്കൊപ്പമാണ് അൽ അമേരി ചൊവ്വാ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ചൊവ്വാ യാത്രയിൽ കഴിയേണ്ട എട്ട് മാസത്തിനിടയിൽ ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ബഹിരാകാശത്തിന് സമാനമായ സാഹചര്യമാണ് ഇവർക്ക് തനിച്ച് കഴിയാൻ ഒരുക്കിയിരിക്കുന്നത്. ഓരോരുത്തർക്കും പ്രത്യേക മുറികളുണ്ട്. ചെറിയ സ്വീകരണമുറിയിൽ ഒരുമിച്ചിരുന്ന് ടെലിവിഷൻ കാണാനും അനുവദിക്കും. അതേസമയം കുടുംബമായോ സുഹൃത്തുക്കളുമായോ ഒരു സമ്പർക്കവും എട്ടുമാസം ഉണ്ടാകില്ല. പുറംലോകത്തെ ആരുമായും ഫോൺ വിളിപോലും അനുവദിക്കില്ല. അതേസമയം കുടുംബാംഗങ്ങൾക്ക് വല്ലപ്പോഴും ഇ-മെയിലുകളും വീഡിയോകോളും അനുവദിക്കും. ഭക്ഷണകാര്യങ്ങളിലുമുണ്ടാകും നിയന്ത്രണങ്ങൾ. ഈ പരീക്ഷണ കാലഘട്ടത്തിൽ വിജയിച്ചാണ് ഇവരുടെ ചൊവ്വാ ദൗത്യം എളുപ്പമാവുക.

അന്താരാഷ്ട്ര ബഹിരാകാശ യാത്രാ സംഘത്തിലെ അംഗമാവാനും അതിനുമുന്നോടിയായുള്ള ഏകാന്ത വാസത്തിൽ പ്രവേശിക്കാനും സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അൽ അമേരി അറിയിച്ചു. പുസ്തകങ്ങൾ വായിച്ചും ചെസ് കളിച്ചും സഹപ്രവർത്തകരുമായി ഭാവി പരിപാടികൾ ചർച്ച ചെയ്തും എട്ടുമാസം മുന്നോട്ടുനീക്കാനാണ് അൽ അമേരിയുടെ തീരുമാനം. സാലിഹ് അൽ അമേരി, അബ്ദുല്ല അൽ ഹമ്മാദി എന്നിവരെ കഴിഞ്ഞ ഓഗസ്റ്റിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ചൊവ്വാ ദൗത്യത്തിനായി തെരഞ്ഞെടുത്തത്.

അടുത്ത വർഷം ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള ഒരു പേടകം യു.എ.ഇ. ഒരുക്കിയതായി യു.എ.ഇ. സ്‌പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കായി അമേരിക്കയിലെ ഹൂസ്റ്റണിൽ യു.എ.ഇ.യുടെ നാല് ബഹിരാകാശ സഞ്ചാരികൾ ഇപ്പോൾ പരിശീലനത്തിലാണ്. ദുബായിലെ മാർസ് സയൻസ് സിറ്റിയിൽ ചൊവ്വയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചൊവ്വയിലേക്കുള്ള യാത്രാ ദൗത്യത്തിൽ പങ്കാളിയാവുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറവുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി എഴുപതിലേറെ പരീക്ഷണങ്ങളാണ് യു.എ.ഇ. നടത്തുന്നത്.

Courtesy : Manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here