ഷാര്‍ജ: ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി എഡിറ്റ് ചെയ്ത ഒലീവ് പബ്‌ളികേഷന്‍ പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ‘തങ്ങള്‍ വിളക്കണഞ്ഞ വര്‍ഷങ്ങള്‍’ ഗ്രന്ഥം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഒലീവ് പവലിയനില്‍ ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ത്യന്‍ മതേതര സമൂഹത്തിന് മറക്കാനാവാത്ത അതുല്യ സംഭാവനകളര്‍പ്പിച്ച അത്യുജ്വല വ്യക്തിത്വമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ഈ ഗ്രന്ഥത്തില്‍ അതിന്റെ പൂര്‍ണ തനിമയില്‍ തന്നെ പ്രതിപാദിച്ചിരിക്കുന്നുവെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. ആ ജീവിതം മുഴുവന്‍ അനുപമമായ മാതൃകയാണ്. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിലും ഇത്തരമൊരു പുസ്തക മേള നടത്തുക വഴി വിജ്ഞാനം എക്കാലത്തെയും അമൂല്യ സമ്പത്താണെന്ന സന്ദേശമാണ് ഷാര്‍ജ ഭരണാധികാരി മുന്നോട്ടു വെക്കുന്നത്. ജ്ഞാനത്തിന്റെ മഹാസാഗരമായ ശിഹാബ് തങ്ങളെ കുറിച്ചുള്ള ഗ്രന്ഥം ഈ പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിക്കാനായത് ഏറ്റവും വലിയ ആഹ്‌ളാദമാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ചുള്ള ഈ പുസ്തകം ഏറ്റുവാങ്ങാനായത് ജീവിതത്തിലെ വലിയ സന്തോഷമാണെന്ന് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. തീര്‍ത്തും പണ്ഡിതോചിതമായ ഉള്ളടക്കമാണ് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ പുസ്തക പ്രേമികളും ഈ ഗ്രന്ഥം സ്വന്തമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നിരവധി അധ്യായങ്ങളിലായി സയ്യിദ് ശിഹാബ് തങ്ങളുടെ ജീവിതം പ്രതിപാദിച്ച ഈ ഗ്രന്ഥം എക്കാലത്തെയും പ്രസക്തമായ സന്ദേശമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി പുസ്തകം പരിചയപ്പെടുത്തി. മുന്‍ദിര്‍ കല്‍പകഞ്ചേരി അവതാരകനായിരുന്നു. ഒലീവ് പബ്‌ളികേഷന്‍സ് ഗള്‍ഫ് കോഓര്‍ഡിനേറ്ററും നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി, ഒലീവ് മിഡില്‍ ഈസ്റ്റ് ഓര്‍ഗനൈസര്‍ അഷ്‌റഫ് അത്തോളി, ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ഏഷ്യാ വിഷന്‍ എംഡി നിസാര്‍ സഈദ്, റിയല്‍ കോഫി എംഡി സത്താര്‍, ചാക്കോ ഇരിങ്ങാലക്കുട, അന്‍സാര്‍ ചിറയിന്‍കീഴ്, അഡ്വ.ശങ്കർ നാരായണൻ,സാമൂഹ്യ പ്രവർത്തകൻ കെ.ടി.പി.ഇബ്രാഹിം തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here