ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (എസ്.ഐ.ബി.എഫ്.) എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി പറഞ്ഞു. ‘ലോകവായന ഷാർജയിൽനിന്ന്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകോത്സവം. നവംബർ നാല് മുതൽ 14 വരെ ഷാർജ എക്‌സ്‌പോ സെന്ററിലാണ് 39-മത് അന്താരാഷ്ട്ര പുസ്തകമേള. പൂർണമായും ഓൺലൈൻ രീതികൾ സമന്വയിപ്പിച്ച് നടക്കുന്ന പുസ്തകമേള ഇത്തവണ പുസ്തകപ്രേമികൾക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കും. ചരിത്രത്തിലാദ്യമായാണ് ഡിജിറ്റൽ രൂപത്തിൽ ലോകപ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കുന്ന പുസ്തകമേള നടക്കുന്നത്. ഇന്ത്യയിൽ നിന്നടക്കം ഒട്ടേറെ പ്രസാധകർ പങ്കെടുക്കും.

73 രാജ്യങ്ങളിൽനിന്നുള്ള 1024 പ്രസാധകർ, 19 രാജ്യങ്ങളിൽനിന്ന്‌ 60 സാസ്കാരിക വ്യക്തിത്വങ്ങൾ ഷാർജ എക്‌സ്‌പോ സെന്ററിലെ മേളയിലെത്തും. 578 അറബ് പ്രസാധകരും 129 അന്താരാഷ്ട്ര പ്രസാധകരും എത്തും. ഈജിപ്തിൽനിന്ന് 202, യു.എ.ഇ. 186, ലെബനൻ 93, സിറിയ 72, സൗദി അറേബ്യ 46, യു.കെ. 39, യു.എസ്.എ. 29, ഇറ്റലി 13, ഫ്രാൻസ് 12, കാനഡയിൽ നിന്നും എട്ട് പ്രസാധകരുമാണ് എത്തുക. 64 വെർച്വൽ കൾച്ചറൽ ഇവന്റുകൾ, ഓൺലൈൻ പുസ്തകവിൽപ്പന എന്നിവയും കോവിഡ് ഭീതി പടർത്താതെ മേള വ്യത്യസ്തമാക്കും. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല. കൂടാതെ എസ്.ഐ.ബി.എഫ്. അവാർഡ് വിതരണം അടുത്ത പതിപ്പിലേക്ക് മാറ്റിവെക്കും. എസ്.ബി.എ. ആസ്ഥാനത്ത് ഓൺലൈൻ വഴി നടന്ന സമഗ്ര അവലോകന യോഗത്തിൽ ചെയർമാൻ അഹമദ് ബിൻ റക്കാദ് അൽ അമിരി മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിച്ചു. പുതിയ ആഗോള വെർച്വൽ പ്ലാറ്റ്‌ഫോമായ ഷാർജ റീഡ്‌സ് ആണ് ഇത്തവണത്തെ പ്രത്യേകത.

ഏറ്റവും പുതിയതടക്കം ഒട്ടേറെ പുതിയ പുസ്തകങ്ങൾ വിൽപ്പനയ്ക്കുണ്ടാകും. സാംസ്കാരിക പരിപാടികൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കും. പ്രമുഖ അൾജീരിയൻ എഴുത്തുകാരൻ വാസിനി അൽ അറാജ്, ഈജിപ്ഷ്യൻ എഴുത്തുകാരൻ അഹമ്ദ് മൗറാദ്, കുവൈത്ത് എഴുത്തുകാരൻ മിഷേൽ ഹമദ്, ഇറാഖിൽനിന്നുള്ള കവി മുഹ്‌സിൻ അൽ റംലി, ലബനീസ് തിയേറ്റർ ഡയറക്ടർ ലിന ഖൗറി, പ്രശസ്ത അമേരിക്കൻ കവി പ്രിൻസ് ഈയ, അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട്ട് കിയോസാക്കി, ന്യൂസീലൻഡിൽനിന്നും ലാംഗ് ലീവ് തുടങ്ങിയവരുടെ പുസ്തകങ്ങളുണ്ടായിരിക്കും. എസ്.ഐ.ബി.എഫിന്റെ ചരിത്രത്തിൽ ആദ്യമായി യു.എ.ഇയിലെ വിവിധ എംബസികളുമായി ചേർന്ന് എട്ട് ബൗദ്ധിക ചർച്ചകൾ നടക്കും. സ്‌പെയിൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് പുസ്തകമേള. നോർത്തേൺ എമിറേറ്റ്‌സ് ഇത്തിസലാത്ത് ജനറൽ മാനേജർ അബ്ദുലസീസ് തര്യാം, ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമദ് സയീദ് അൽ നൗർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കോവിഡ് പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ പുസ്തകമേള സംഘടിപ്പിക്കുന്നത്. ബുക്ക് ഫെയർ തുടങ്ങുന്നതിന് മുമ്പും ശേഷവും എല്ലാവിധ സുരക്ഷാനടപടികളും നടത്തുമെന്ന് ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഡോ. അഹമദ് സയീദ് അൽ നൗർ പറഞ്ഞു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എല്ലാ പ്രവർത്തനങ്ങളിലും സജീവമാകും. ട്രാഫിക് നിയന്ത്രണത്തിനും ഓൺ-സൈറ്റ് സുരക്ഷാ നടപടിക്രമങ്ങൾക്കുമായി പോലീസ് സംയോജിത സുരക്ഷാ പദ്ധതി തയ്യാറാക്കി. ഇത് പ്രത്യേക ടാസ്ക് ഫോഴ്‌സ്, പട്രോളിങ്, മീഡിയാ വകുപ്പുകൾ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here