ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിന് നവംബർ മൂന്നിന് തിരിതെളിയും.13 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ ഒന്നരക്കോടിയിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കും.

ഇന്ത്യയിൽ നിന്നടക്കം 83 രാജ്യങ്ങളിൽ നിന്ന് 1576 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എഴുത്തുകാരും കലാകാരന്മാരുമെത്തും. പുസ്തക പ്രകാശനം, സംവാദം, അഭിമുഖങ്ങൾ തുടങ്ങിയവയും നടക്കും. ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ് ഏറ്റവും പുതിയ കൃതി ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ നോവൽ അവതരിപ്പിക്കും.

‘ഇൻഡിക – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന കൃതിയുമായി യുവ എഴുത്തുകാരൻ പ്രണയ് ലാലും പങ്കെടുക്കും. 12ന് വൈകിട്ട് രണ്ടുപേരും അസ്വാദകരുമായി സംവദിക്കും. ചേതൻ ഭഗത്, മാധ്യമ പ്രവർത്തകൻ വീർ സംഘ്‌വി, മുൻനിര ഇന്ത്യൻ സംരംഭകൻ ഹർഷ് മരിവാല, യുവ നോവലിസ്റ്റ് രവീന്ദർ സിങ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് നോവലിസ്റ്റ് പിഎഫ് മാത്യൂസ്, കവി മനോജ് കൂറൂർ, സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, എഴുത്തുകാരി ദീപ നിശാന്ത് എന്നിവരെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here