നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കി ദുബായ്. ഒറ്റ ക്ലിക്കിൽ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കുന്ന ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പദ്ധതിക്കാണ് തുടക്കമായത്. കാത്തിരിക്കുന്നത് ഫ്രീസോണിൽ അടക്കം 2000ൽ ഏറെ അവസരങ്ങൾ.

ദുബായ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചു. ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോയ്ക്ക് മുൻപ് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാനും ഇതു സഹായിക്കും.

ഏറ്റവും മികച്ച അവസരം

കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന രാജ്യാന്തര സംരംഭകർക്ക് ദുബായ് മികച്ച അവസരമൊരുക്കും.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഏതു വെല്ലുവിളിയെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും ശക്തമായ സമ്പദ്ഘടനയുമുണ്ട്. ലളിത നടപടിക്രമങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, യാത്രാ സൗകര്യങ്ങൾ, തുറമുഖങ്ങൾ, സംഭരണ കേന്ദ്രങ്ങൾ എന്നിവ നിക്ഷേപകർക്ക് രാജ്യാന്തരവിപണിയിൽ കൂടുതൽ അവസരങ്ങളൊരുക്കും -ഷെയ്ഖ് ഹംദാൻ

വൈവിധ്യങ്ങളുടെ ഏകജാലകം

വിവിധ സംരംഭങ്ങൾക്കു മാത്രമായുള്ള പോർട്ടൽ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കുന്നു.

ഏകീകൃത സംവിധാനത്തിലൂടെ കൊമേഴ്സ്യൽ ലൈസൻസ്, ഇതര അനുമതിപത്രങ്ങൾ എന്നിവ ലഭ്യമാകും.

അപേക്ഷകർ ഓഫിസുകളിൽ കയറിയിറങ്ങേണ്ട. ഓരോ ലൈസൻസിനുമൊപ്പം ആകർഷക പാക്കേജുകൾ. ബാങ്ക്, വീസ സേവനങ്ങൾക്കും മറ്റുമുള്ള മാർഗനിർദേശങ്ങൾ.

ഓരോ മേഖലയിലെയും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് ബിസിനസ് മാപ്പിലൂടെ അറിയാനാകും.

ഫ്രീസോണിലെ പുതിയ അവസരങ്ങൾ, സാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here