ഖത്തറില്‍ നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തിലായി. ഒഴിവുവരുന്ന തസ്തികകളിലേക്ക് താല്‍ക്കാലികമായി തൊഴിലാളിയെ നിയമിക്കണമെങ്കില്‍ തൊഴിലുടമ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.

ഐഡിയുടെ കാലാവധി അഥവാ വിസാ കാലാവധി തീര്‍ന്നതിന് ശേഷവും മൂന്ന് മാസം വരെ തൊഴിലാളികള്‍ക്ക് പുതിയ ജോലിയിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ നിയമഭേദഗതിയുടെ പ്രത്യേകത. ഇന്ന് ഗസറ്റില്‍ വിജ്ഞാപനം വന്നതോടെ ഈ നിയമഭേദഗതി പ്രാബല്യത്തിലായി. നീതിന്യായ മന്ത്രാലയം ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഭേദഗതി ചെയ്ത ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കണം പുതിയ തൊഴിലിടത്തിലേക്ക് മാറേണ്ടത്. ഇതുസംബന്ധിച്ച മുഴുവന്‍ നടപടികളും തൊഴില്‍ മന്ത്രാലയത്തെ കൃത്യമായി അറിയിക്കണം. അതേസമയം തൊഴിലാളിയുടെ ഐഡി കാലാവധി കഴിഞ്ഞതിനാല്‍ ഒഴിവു വരുന്ന തസ്തികകളിലേക്ക് തൊഴിലുടമയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കാനും അനുമതിയുണ്ട്. എന്നാല്‍ ഇതിനായി തൊഴിലുടമ തൊഴില്‍ മന്ത്രാലയത്തില്‍ പ്രത്യേക കരാര്‍ സമര്‍പ്പിക്കണം. തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് ഒപ്പുവെക്കുന്ന അഡീഷണല്‍ കരാറായിരിക്കുമിത്.

LEAVE A REPLY

Please enter your comment!
Please enter your name here