എമിറേറ്റിലെ സ്കൂളുകൾ ഞായറാഴ്ച (ഈ മാസം 27) തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ് പിഇഎ) തീരുമാനിച്ചതായി അറബിക് പത്രം ഇമാറാത് അൽ യൗം റിപ്പോർട്ട് ചെയ്തു. ഇതിന് മുന്നോടിയായി സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കിയെന്നും കോവിഡ്–19 സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചു എന്നും ഉറപ്പാക്കി.

ലോക്ഡൗണിനെ തുടർന്ന് ആറു മാസം മുൻപാണ് സ്കൂളുകൾ അടച്ചത്. ഓൺലൈൻ വഴിയായിരുന്നു പിന്നീട് അധ്യയനം. വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് ആദ്യം രാജ്യത്തെ മറ്റു ചില എമിറേറ്റുകളിൽ സ്കൂളുകൾ തുറന്നെങ്കിലും ഷാർജയിൽ അടഞ്ഞുതന്നെ കിടന്നു. രണ്ടാഴ്ച കൂടി ഓൺലൈൻ പഠനം തന്നെ തുടരാനായിരുന്നു അധികൃതരുടെ തീരുമാനം. പിന്നീട് ഈ മാസം 13ന് തുറക്കുമെന്ന് അറിയിച്ചെങ്കിലും വീണ്ടും രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു. മറ്റ് എമിറേറ്റുകളിൽ സ്കൂളുകളിൽ വളരെ കുറച്ച് വിദ്യാർഥികൾ മാത്രമേ എത്തിയുള്ളൂ. ഷാർജയില്‍ സ്കൂളുകൾ തുറക്കുന്നത് നീട്ടിവയ്ക്കണമെന്ന് നേരത്തെ മലയാളികളടക്കമുള്ള രക്ഷിതാക്കൾ അധികൃതരോട് അഭ്യർഥിച്ചിരുന്നു.

ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഈ മാസം 27ന് സ്കൂളുകൾ തുറക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നത്. ഇതിന് മുന്നോടിയായി അധികൃതർ സ്വകാര്യ സ്കൂളുകളടക്കം സന്ദർശിച്ച് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കി. അധ്യാപകരും ജീവനക്കാരും കോവിഡ് പരിശോധനകൾ നടത്തുകയും ചെയ്തു. കൂടാതെ, സ്കൂൾ ബസുകൾ, ക്യാംപസിലേയ്ക്കുള്ള പ്രവേശനം, ക്ലാസ് റൂം എന്നിവിടങ്ങളിലെ സാമൂഹിക അകലം, മാസ്ക് തുടങ്ങിയ കാര്യങ്ങളിലും സ്കൂൾ അധികൃതർ മാർഗനിർദേശങ്ങൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here