അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കോവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ ലോക കപ്പ് യു.എ.ഇലേക്ക് മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ അഭിപ്രായപ്പെട്ടു.

‘ടി-20 ലോക കപ്പിന് മുമ്ബ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഐ.പി.എലും ഇന്ത്യയില്‍ വെച്ച്‌ നടത്താമെന്നാണ് ബി.സി.സി.ഐ കണക്കു കൂട്ടുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. 2021-ല്‍ ഇന്ത്യയാണ് ടി20 ലോക കപ്പ് നടത്തുന്നതെങ്കില്‍ പാക് താരങ്ങള്‍ക്ക് വിസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.സിയെ സമീപിച്ചിട്ടുണ്ട്.’

‘അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുക ശ്രീലങ്കയാണ്. 2022-ല്‍ പാകിസ്ഥാന്‍ ആയിരിക്കും ഏഷ്യാ കപ്പിനു വേദിയൊരുക്കുക. ഇത്തരം ലോക ഇവന്റുകളില്‍ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐ.സി.സിക്കാണ്’ വസീം ഖാന്‍ പറഞ്ഞു.

2020-ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. 2021 ഒക്ടോബറിലും നവംബറിലുമായാണ് ലോക കപ്പ് നടക്കുക. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ആദ്യമായി പപ്പുവ ന്യൂ ഗ്വിനിയയും ടി20 ലോക കപ്പില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here