കേരളത്തില്‍ ആദ്യ മണിക്കൂറില്‍ ദേശീയ പണിമുടക്ക് പൂര്‍ണം. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടി സിയും സര്‍വീസ് നടത്തുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ബി പി സി എല്ലിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്ക് എത്തിയെങ്കിലും ഇവരെ സമര അനുകൂലികള്‍ തടഞ്ഞു. ബി പി സി എല്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ തടഞ്ഞിട്ടിരിക്കുകയാണ്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതിനിടെ പണിമുടക്ക് ദേശീയ അടിസ്ഥാനത്തില്‍ ഭാഗിക പ്രതികരണമാണ് കാണിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മറ്റ് മെട്രോ നഗരങ്ങളിലും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കടമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ വലിയ വ്യാവസായ കേന്ദ്രങ്ങളേയും മറ്റ് തൊഴില്‍ കേന്ദ്രങ്ങളേയുമെല്ലാം പണിമുടക്ക് ബാധിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത തൊഴിലാളി യൂണിയനുകള്‍ 48 മണിമുടക്ക് നടത്തുന്നത്. ബി എം എസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു. പൊതുമേഖല ബേങ്കുകളുടെ സ്വകാര്യവത്ക്കരണത്തിനെതിരെ ബേങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, മത്സ്യമേഖലയെ ഇന്നത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഡീസല്‍ വില വര്‍ധന ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞയാഴ്ച മല്‍സ്യ തൊഴിലാളികള്‍ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മല്‍സ്യ മേഖലയില്‍ ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here