കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതു കേരളത്തിനു ചെറുതല്ലാത്ത ആശ്വാസം നൽകുമ്പോഴും പാലക്കാട് ജില്ലയിൽ ഭീതിയേറുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 86 ആയി ഉയർന്നതാണ് ഇപ്പോൾ ജില്ലയെ ആശങ്കയിലാക്കുന്നത്. കേരള – തമിഴ്നാട് അതിർത്തിയിൽ പാലക്കാടുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളെല്ലാം കോയമ്പത്തൂർ ജില്ലയിൽ ഉൾപ്പെടുന്നതാണ്. ഇന്നലെ ഒരു ദിവസം മാത്രം കോയമ്പത്തൂരിൽ 26 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 സ്ത്രീകളും 3 പുരുഷൻമാരും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു.

തമിഴ്നാട്ടിൽ ചെന്നൈ കഴിഞ്ഞാ‍ൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളതും കോയമ്പത്തൂരിലാണ്. തൊട്ടടുത്ത ജില്ലകളായ നീലഗിരിയിൽ 7 പേർക്കും ഈറോഡിൽ 60 പേർക്കും തിരുപ്പൂരിൽ 26 പേർക്കും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. കേരളത്തിലെ ജില്ലകളെക്കാൾ പാലക്കാടിനു ബന്ധമുള്ളതു കോയമ്പത്തൂരുമായിട്ടാണ്. ചരക്കുഗതാഗതവും അതിർത്തിഗ്രാമങ്ങളിൽ നിന്നു ജോലിക്ക് പോകുന്നവരും അടക്കം ഇപ്പോഴും കോയമ്പത്തൂരുമായി പാലക്കാടിനു സജീവ ബന്ധമാണുള്ളത്. 7 പ്രധാന ചെക്ക് പോസ്റ്റുകളും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്നവിധത്തിലുള്ള അൻപതോളം ഊടുവഴികളും ഈ മേഖലയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here