സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ പ്രതിദിനം മുന്നൂറിലേറെ എന്ന നിലയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.​ വെള്ളിയാഴ്​ച 364 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്​. വ്യാഴാഴ്​ച ഇത്​ 355 ആയിരുന്നു. വെള്ളിയാഴ്​ച പുതുതായി മൂന്ന്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. മരണ സംഖ്യ 47 ൽ എത്തി. മക്കയിലും റിയാദിലും ബുറൈദയിലുമാണ്​ പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ആകെ വൈറസ്​ ബാധിതരുടെ എണ്ണം 3651ആയി ഉയർന്നെന്നും ഇതിൽ 57 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു​.

19 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. രോഗമുക്തരുടെ എണ്ണം 685 ആയി. പുതിയ രോഗികളിൽ 90 പേർ മക്കയിലാണ്​. മദീനയിൽ 78, റിയാദിൽ 69, ജിദ്ദയിൽ 54, തബൂക്കിൽ 22, ഖത്വീഫിൽ 12, ബുറൈദയിൽ  ഒമ്പത്​, ദമ്മാമിൽ ആറ്​, ഹുഫൂഫിൽ അഞ്ച്​, ത്വാഇഫിൽ നാല്​, അൽഖർജിൽ മൂന്ന്​, ദഹ്​റാനിലും ഖുൻഫുദയിലും യാംബുവിലും രണ്ട്​ വീതം, ജുബൈൽ, ഖുലൈസ്​, ദറഇയ,  റാസ്​ തനൂറ, ഹനാകിയ, അറാർ എന്നിവിടങ്ങളിൽ ഒാരോന്ന്​ വീതം എന്ന നിലയിലാണ്​ പുതിയ കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​.

വൈറസ്​ ബാധിതരുടെ എണ്ണം  തലസ്ഥാനമായ റിയാദിൽ ആയിരം കടന്നു. വെള്ളിയാഴ്​ചയോടെ 1030 പേരായി. മരണസംഖ്യ നാലായി. 275 പേർ സുഖം പ്രാപിച്ചു. 751 പേർ ചികിത്സയിൽ കഴിയുന്നു.  മക്കയിൽ രോഗികളുടെ എണ്ണം 721 ആണ്​. മരണസംഖ്യ 10 ആയി. 114 പേർ സുഖം പ്രാപിച്ചു. 597 പേർ ചികിത്സയിൽ കഴിയുന്നു. മരണ സംഖ്യയിൽ മുന്നിൽ മദീനയാണ്​. 19  പേരാണ്​ ഇതുവരെ ഇവിടെ മരിച്ചത്​. 475 പേർ ചികിത്സയിൽ തുടരുന്നു. നാലുപേർ സുഖം പ്രാപിച്ചു. മറ്റൊരു പ്രധാന നഗരമായ ജിദ്ദയിൽ 531 പേരിലാണ്​ രോഗം  സ്ഥിരീകരിച്ചത്​. അതിൽ 396 പേർ ചികിത്സയിൽ കഴിയുന്നു. ആറുപേർ മരിച്ചു. 129 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ ആദ്യമായി രോഗം കണ്ടെത്തിയ ഖത്വീഫിൽ  രോഗബാധിതരുടെ എണ്ണം 186 ആയി. 158 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 28 പേർ സുഖം പ്രാപിച്ചു. ഇവിടെ മരണമൊന്നും സംഭവിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here