ജിദ്ദ: സൗദിയിൽ കുടുങ്ങിയ വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാൻ തുടങ്ങി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയമാണ് പ്രത്യേക വിമാന സർവിസ് ഏർപ്പെടുത്തി തീർഥാടകരെ സുരക്ഷിതമായി സ്വദേശങ്ങളിലെത്തിക്കുന്ന നടപടി  ആരംഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഉംറ തീർഥാടകരുടെ വിസ കാലാവധി പുതുക്കി നൽകാൻ പാസ്പോർട്ട് വകുപ്പ് ആരംഭിച്ചത്. വിസ കാലാവധി കഴിഞ്ഞ  ഉംറ തീർഥാടകരെ നിയമാനുസൃതമായ പിഴകളിൽ നിന്നൊഴിവാക്കണമെന്ന് നേരത്തെ ഗവർമ​െൻറ് ആവശ്യപ്പെട്ടിരുന്നു. 

ഇതനുസരിച്ച് തിരിച്ചുപോകാത്തവർക്ക് പിഴകളിൽ നിന്നൊഴിവാകുന്നതിനും മടക്കയാത്ര നടപടികൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനും ഹജ്ജ് മന്ത്രാലയം പ്രത്യേക പോർട്ടൽ ഒരുക്കുകയും ചെയ്തിരുന്നു. അതിൽ റജിസ്റ്റർ  ചെയ്തവരെയാണ് ഇപ്പോൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. 

ഏകദേശം 2000 തീർഥാടകർ തിരിച്ചുപോകാൻ കഴിയാതെ പുണ്യഭൂമിയിലുണ്ടെന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇവരെ എത്രയും വേഗം സ്വദേശങ്ങളിലെത്തിക്കാനുള്ള ശ്രമമാണിപ്പോൾ നടന്നുവരുന്നത്. 

ഇന്തോനേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ കഴിഞ്ഞ ദിവസം ജിദ്ദ വിമാനത്താവളം വഴി യാത്രയയച്ചതായാണ് വിവരം. താമസകേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബസുകളിലാണ് ഇവരെ ജിദ്ദ വിമാനത്താവളത്തിലെത്തിക്കുന്നത്. 

കോവിഡിനെതിരെ മുൻകരുതലെടുക്കേണ്ടതിനാൽ പതിവിലും നേരത്തെ ഇവരെ വിമാനത്താവളത്തിലെത്തിച്ചിരുന്നു. തുർക്കിയിൽ നിന്നുള്ള അവസാന ഉംറ സംഘം രണ്ട് ദിവസം മുമ്പാണ് യാത്രതിരിച്ചത്. ആഭ്യന്തരം, വിദേശം, ഹജ്ജ് ഉംറ മന്ത്രാലയങ്ങൾ, സിവിൽ ഏവിയേഷൻ അതോറിറ്റി, പാസ്പോർട്ട്, സൗദി എയർലൈൻസ് എന്നിവ ഉൾപ്പെട്ട പ്രശ്നപരിഹാര കമ്മിറ്റിക്ക് കീഴിലാണ് തിരിച്ചുപോകാൻ കഴിയാത്ത ഉംറ തീർഥാടകരുടെ മടക്കയാത്ര നടപടികൾ പൂർത്തിയാക്കിയതെന്ന് ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുൽഫത്താഹ് അൽമുശാത് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here