ദുബായ്∙ ഡ്രൈവിങ് ലൈസൻസ്, പരിശീലനം, വാഹന ടെസ്റ്റിങ് എന്നിവയിൽ പരിഷ്കാരങ്ങൾ വരുത്തുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ മുഹമ്മദ് അൽ തായർ. സേവനങ്ങൾ കുടുതൽ കാര്യക്ഷമമാക്കുക, ഡ്രൈവർമാർക്കുള്ള പരിശീലനം മെച്ചമാക്കി റോഡ് സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ആർടിഎ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി)നടപടികൾക്ക് പിന്നിൽ. വാഹന പരിശോധനയ്ക്കായി ഡ്രോണുകളും റോബടുകളും ഉപയോഗിക്കുക, ഡ്രൈവർമാരുടെ പരിശീലനത്തിനു കേന്ദ്രീകൃത സംവിധാനം ഉപയോഗിക്കുക, ഡ്രൈവർമാരുടെ ലൈസൻസിങ് ഡിജിറ്റൽവൽക്കരിക്കുക, പരിശോധനയ്ക്കു സ്മാർട് മെഡിക്കൽ സംവിധാനം ഉപയോഗിക്കുക തുടങ്ങിയവയാണു പ്രധാന നടപടികൾ. കസ്റ്റമർ സർവീസ് സെന്ററുകൾ മുഖേന ഡ്രൈവർമാർക്കു സ്വയം സേവനങ്ങൾ ലഭ്യമാക്കുക എന്നതാണു ഡിജിറ്റലൈസേഷനിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പാക്കാൻ നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ബിഗ് ഡേറ്റ എന്നിവയെല്ലാം ഉപയോഗപ്പെടുത്തുകയാണെന്നും ഇത് ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുമെന്നും അൽ തായർ വ്യക്തമാക്കി.


24.2 ലക്ഷം ലൈസൻസുകൾ

2019 അവസാനം വരെ 24.2 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ നൽകി. 17.9 ലക്ഷം വാഹനങ്ങളുടെ റജിസ്ട്രേഷനും നടത്തി. ഡ്രൈവർമാരുടെ ലൈസൻസിങ് ഏജൻസികൾ ആർടിഎയുടെ 316 സേവനങ്ങളിൽ 140 എണ്ണം നൽകുന്നുണ്ട്. ലൈസൻസിങ് സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി 94.7% ആണ്. ട്രക്കുകളുടെ പരിശോധനയ്ക്കു ഡ്രോണുകൾ ഉപയോഗിക്കും. തള്ളിയും മുഴച്ചും നിൽക്കുന്ന ലോഡുകൾ, വാഹനത്തിന്റെ ബോഡി സുരക്ഷ, ചരക്ക് വച്ചിരിക്കുന്ന രീതി എന്നിവയെല്ലാം ഇതിലൂടെ വ്യക്തമാകും. വാഹനങ്ങൾ തടയുന്നതിനും ചെക്ക് പോയിന്റുകളിലേക്കു തിരിച്ചു വിടുന്നതിനുമാണു റോബട്ടുകളെ ഉപയോഗിക്കുക. ഭരണകാര്യങ്ങൾ എളുപ്പത്തിലാക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ചു യോഗത്തിൽ വിലയിരുത്തി. പരിശോധനകൾക്കും വിലയിരുത്തലുകൾക്കും സ്മാർട് സംവിധാനങ്ങൾ ഉപയോഗിക്കാം. നിരീക്ഷണ സംവിധാനം നെറ്റുവർക്കുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാം.

മുൻപ് 9 തവണ, ഇനി 2

കൊമേഴ്സ്യൽ ലൈസൻസിങ്ങിനെ 65 സേവനങ്ങളുമായി ഓട്ടോമേറ്റ് ചെയ്യുന്നതു ഉപയോക്താക്കൾക്കും കാര്യങ്ങൾ എളുപ്പമാക്കും. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂടെ ദുബായ് മുനിസിപ്പാലിറ്റി, ഇക്കണോമിക് ഡിപ്പാർട്മെന്റ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം. ഇതു മൂലം ട്രാൻസ്പോർട് പെർമിറ്റിനും മറ്റുമായി ഉപഭോക്താവ് ഒൻപതു പ്രാവശ്യം വരുന്ന സ്ഥാനത്ത് ഇനി രണ്ടു തവണ വന്നാൽ മതിയാകും. പതിമൂന്ന് പേപ്പറുകൾ ശരിയാക്കുന്ന സ്ഥാനത്തു മൂന്നെണ്ണവും 15 ദിവസം എന്നത് അഞ്ച് പ്രവൃത്തി ദിവസമായും ആകും.

പരിശോധകരായി ഡ്രോൺ

ട്രക്കുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താനാണു ഡ്രോണുകൾ ഉപയോഗിക്കുക. നമ്പർ പ്ലേറ്റുകളുടെ ചിത്രം പകർത്തിയായിരിക്കും ഇത് കണ്ടെത്തുക. അനുവദിച്ചതിലും കൂടുതൽ ചരക്കുകൾ കയറ്റിയിട്ടുണ്ടോ, സുരക്ഷാ ക്രമീകരണങ്ങളുണ്ടോ എന്നിവ ഡ്രോണുകൾ ഉപയോഗിച്ച് കണ്ടെത്താനാകും. അതേസമയം, വാഹനങ്ങൾ നിർത്താനും അവയെ ചെക്ക്പോയിന്റുകളിൽ എത്തിക്കാനുേമാണ് റോബട്ടുകളെ ഉപയോഗിക്കുക. പൊലീസിന്റെയും ഇൻസ്പെക്ടർമാരുടെയും സുരക്ഷയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉപയോക്താക്കളുടെ സന്തോഷം പ്രധാനം. ഭരണകാര്യങ്ങൾ എളുപ്പത്തിലാക്കാൻ പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ചു യോഗത്തിൽ വിലയിരുത്തി. പരിശോധനകൾക്കും വിലയിരുത്തലുകൾക്കും സ്മാർട് സംവിധാനങ്ങൾ ഉപയോഗിക്കാം. നിരീക്ഷണ സംവിധാനം നെറ്റുവർക്കുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാം.

90% ഡിജിറ്റലൈസേഷൻ

ഡ്രൈവിങ് ലൈസൻസ് നൽകുന്നതു ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ കടലാസ് രഹിത ഇടപാടുകൾ വർധിക്കും. പെട്ടെന്ന് സേവനം ലഭിക്കാനും ഇത് ഉപകരിക്കും. സേവനകേന്ദ്രങ്ങൾ സന്ദർശിക്കുന്നതു കുറയ്ക്കും എന്നതിനു പുറമേ നടപടികൾ കടലാസ് രഹിതമാകുന്നതു മൂലം കാർബൺ വമനം 18000 ടണ്ണിൽ നിന്ന് പൂജ്യമാകും. ഡിജിറ്റൽവൽക്കരണം 56% നിന്ന് 90% ആകും. സേവനങ്ങൾ ലഭ്യമാകുന്ന ചാനലുകൾ മൂന്നിൽ നിന്ന് ആറാകും.

ലാഭം 20 ലക്ഷം  മണിക്കൂർ

ഇ-പരിശീലനം നടപ്പാക്കുന്നതിലൂടെ ഡ്രൈവിങ് പരിശീലനം കൂടുതൽ കേന്ദ്രീകൃതമാക്കും. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും കൂടുതൽ ഫലപ്രദമായി സാധിക്കും. പരിശീലകർക്ക് കൃത്യ നിർദേശങ്ങൾ നൽകാനും പരിശീലന സാമഗ്രികൾ കൃത്യമായി വിതരണം ചെയ്യാനും സാധിക്കും. ഇത് വർഷത്തിൽ 20 ലക്ഷം പരിശീലന മണിക്കൂറുകൾ ലാഭിക്കാൻ ഉപകരിക്കും. വർഷത്തിൽ ഒരു ലക്ഷം പേർക്കു പരിശീലനത്തിന് അവസരം നൽകും. രണ്ടു കോടി പേപ്പറുകളും പ്രതിവർഷം 2500 പ്ലാസ്റ്റിക് കാർഡുകളും അച്ചടിക്കുന്നത് ഒഴിവാക്കാനും നടപടി സഹായിക്കും. നിർമിത ബുദ്ധി ഉപയോഗിക്കുന്നതിലൂടെ മെഡിക്കൽ പരിശോധനയും എളുപ്പമാകും. രണ്ടു ദിവസം എടുത്തു നടത്തിയിരുന്ന പരിശോധനകൾ ഇനി 15 മിനിറ്റ് കൊണ്ട് അവസാനിക്കും. 24 മണിക്കൂർ സേവനവും ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here