കൊറോണ ആഘാതത്തില്‍ നിന്നും അമേരിക്ക കരകയറുന്നതിന്റെ ആദ്യസൂചനകള്‍ പുറത്തു വന്നു. ഒഹായോ, മസാചുസെറ്റ്‌സ് എന്നിവിടങ്ങളിലൊഴികെ രാജ്യത്ത് മറ്റൊരിടത്തും നിലവില്‍ വൈറസ് വ്യാപനത്തിന്റെ തോത് വർധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വൈറസ് കടുത്ത ആക്രമണം അഴിച്ചുവിട്ട ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളും കരകയറുന്നതിന്റെ സൂചനകള്‍ പുറത്തു വന്നു. പതിനയ്യായിരത്തിനു മുകളിലുണ്ടായിരുന്ന ഗുരുതര രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ആഴ്ചയുടെ തുടക്കത്തില്‍ ഉണ്ടായത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും സന്തോഷത്തിലാക്കുന്നു. കോവിഡ് വേട്ടയാടിയ ന്യൂയോര്‍ക്ക് സിറ്റിയെ സഹായിക്കാനെത്തിയ നേവിയുടെ ആശുപത്രിക്കപ്പലായ ഹാര്‍ബര്‍ മടങ്ങി. ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ 14187 പേര്‍ മാത്രമാണ്.

നഴ്‌സിങ് ഹോമുകളില്‍ വലിയ തോതില്‍ സുരക്ഷ ഏര്‍പ്പെടുത്തിയതാണ് മരണനിരക്കില്‍ വന്‍ കുറവ് വരാന്‍ കാരണമെന്നാണ് സൂചനകള്‍. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കാലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ ഖേദകരമായ വാര്‍ത്തകള്‍ വന്നത് ന്യൂജഴ്‌സിയില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമാണ്. ഈ രണ്ടു സംസ്ഥാനങ്ങള്‍ തങ്ങളുടെ കൗണ്ടിയില്‍ കൂടുതല്‍ ടെസ്റ്റിങ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ വൈറസ് വ്യാപനത്തെ സഹായിക്കുന്ന ഒരു ഇളവും അനുവദിക്കില്ലെന്നു ഗവര്‍ണര്‍മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അമേരിക്കയില്‍ നിലവില്‍ 1012147 രോഗികളാണുള്ളത്. മരിച്ചവരുടെ എണ്ണം അമ്പത്തിയേഴായിരം കടന്നു. എന്നാല്‍, ലഭ്യമായ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ഈ നിരക്കില്‍ കാര്യമായ കുറവു കാണാനുണ്ട്. രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ട്. മുന്‍പ് ഇത് വെറും പത്തു ശതമാനത്തില്‍ താഴെയായിരുന്നുവെങ്കില്‍ ഇപ്പോഴത് പതിനഞ്ച് ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here