കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായി ബീജിംഗില്‍ എത്തിയ ലോകാരോഗ്യസംഘടന പ്രതിനിധികള്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാതായി സംഘടന മേധാവി ട്രെഡ്രോസ് അഥാനം. ജൂലൈ 20 നാണ് പകര്‍ച്ച വ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും സംഘടന ചൈനയിലേക്ക് അയച്ചത്.

മൃഗങ്ങളില്‍ നിന്നുള്ള വൈറസ് വ്യാപനത്തെക്കുറിച്ചാണ് സംഘം പഠനം നടത്തിയത്. തുടര്‍ പഠനം നടത്താനായി രാജ്യാന്തര തലത്തില്‍ പ്രമുഖ ശാസത്രജ്ഞന്‍മാരെയും ഗവേഷകരെയും ഉള്‍ക്കൊള്ളിച്ച്‌ വിപുലമായ സംഘത്തെ അയക്കുമെന്നും സംഘടന വ്യക്തമാക്കി. കൊറോണ കേസുകളുടെ ഉറവിടം തിരിച്ചറിയാന്‍ ചൈനയില്‍ വ്യാപകമായി പകര്‍ച്ച വ്യാധി പഠനങ്ങള്‍ ആരംഭിക്കും ഇതിലൂടെ ശേഖരിക്കുന്ന തെളിവുകളും അനുമാനങ്ങളും ദീര്‍ഘകാല പഠനത്തിന് അടിത്തറയാകുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.

യു എസ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് ചൈനയ്‌ക്കെതിരെ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതില്‍ വുഹാന്‍ മാര്‍ക്കറ്റിനു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതല്‍ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here