കോവിഡ് ഭീതിയെ തുടർന്ന് കളിക്കളങ്ങളെല്ലാം നിശ്ചലമായിട്ട് കുറച്ചു നാളുകളായി. എന്നാൽ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിൽ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ അടുത്ത മാസം നടക്കും എന്നതായിരുന്നു ആ വാർത്ത. ജൂലായ് എട്ടു മുതൽ ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.

ജൂൺ ഒമ്പതിന് ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റിൻഡീസ് താരങ്ങൾ ക്വാറന്റെയ്ൻ കാലാവധിക്കുശേഷം പരിശീലനത്തിനിറങ്ങും. ഓൾഡ് ട്രാഫോഡിലാണ് വിൻഡീസ് താരങ്ങൾക്ക് താമസസൗകര്യവും പരിശീലന സൗകര്യവും ഒരുക്കിയിട്ടുള്ളത്.

എന്നാൽ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ ചില വിൻഡീസ് താരങ്ങൾ വിസമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഡാരെൻ ബ്രാവോ, ഷിമ്രോൺ ഹെറ്റ്മെയർ, കീമോ പോൾ തുടങ്ങിയ താരങ്ങളാണ് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പതിനാലംഗ ടീമിൽ മൂന്നുപേരുടേയും പേരില്ലായിരുന്നു. ഈ താരങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഈ തീരുമാനത്തിന്റെ പേരിൽ ഇനിയുള്ള പരമ്പരകൾക്കുള്ള ടീം തിരഞ്ഞെടുപ്പിൽ മൂന്നു പേരേയും പരിഗണിക്കാതിരിക്കില്ലെന്നും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

മധ്യനിര ബാറ്റ്സ്മാൻ ബോണറും പേസ് ബൗളർ ചേമർ ഹോൾഡറുമാണ് വിൻഡീസ് ടീമിലെ പുതുമുഖങ്ങൾ. വെസ്റ്റിൻഡീസ് അണ്ടർ-19 ടീമംഗമായിരുന്ന ഹോൾഡർ വെസ്റ്റിൻഡീസ് ചാമ്പ്യൻഷിപ്പിൽ എട്ടു മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റ് നേടിയിരുന്നു. 31-കാരനായ ബോണർ 2020ലെ വെസ്റ്റിൻഡീസ് ചാമ്പ്യൻഷിപ്പിൽ 58.11 ശരാശരിയിൽ 523 റൺസാണ് അടിച്ചെടുത്തത്. നേരത്തെ വെസ്റ്റിൻഡീസിനായി ട്വന്റി-20യിൽ കളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here