യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് 30 ഞായറാഴ്ച്ച മുതല്‍ നിബന്ധനകളോട് കൂടി സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി. യുഎഇ, ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആണ് നാളെ പുലര്‍ച്ചെ 1 മണിമുതല്‍ സൗദിയിലേക്ക് പ്രവേശന അനുമതി ലഭിക്കുക.

മെയ് 20 മുതല്‍ സൗദിയിലേക്ക് വരുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരും.

നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആറ് മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊറോണയുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ രാജ്യത്തിന് പുറത്തു പോകാം.

അതേ സമയം, ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്ക് അനുമതി കൂടാതെ യാത്ര ചെയ്യരുതെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ സൗദിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here