ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ടാഴ്‌ചകളിൽ യുഎഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ ഓൺലൈനാകും. തീരുമാനം സ്‌കൂളുകൾക്കും സർവകലാശാലകൾക്കും പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണെന്ന് സർക്കാർ വക്താവ് പറഞ്ഞു.

രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ പുതുവർഷം മുതൽ 100 ശതമാനം ക്യാംപസ് പഠനത്തിലേയ്ക്ക് മടങ്ങേണ്ടതായിരുന്നു. ദിവസേനയുള്ള കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ യുഎഇയിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിലാണ് വിദൂര പഠനത്തിലേയ്ക്ക് താൽക്കാലികമായി മാറാനുള്ള തീരുമാനം.

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാം തവണയും 1800-ൽ എത്തിയിട്ടുണ്ട്. എമിറേറ്റിലെ എല്ലാ സ്വകാര്യ, പൊതു സ്കൂളുകളും ആദ്യ രണ്ടാഴ്ചത്തേയ്ക്ക് റിമോട്ട് ലേണിങ് സ്വീകരിക്കുമെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.

ഈ രണ്ടാഴ്ചയ്ക്കുള്ളിൽ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കായി നടന്നുകൊണ്ടിരിക്കുന്ന പരിശോധനാ ക്യാംപെയിനുകൾ വർധിക്കും. തുടർ നിരീക്ഷണങ്ങൾക്ക് ശേഷം ഇൻ-സ്‌കൂൾ പഠനത്തിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കുമെന്നും സമിതി പറഞ്ഞു. എന്നാൽ ഒാരോ എമിറേറ്റിനും അവിടുത്തെ കോവി‍ഡ് സാഹചര്യങ്ങൾ വിലയിരുത്താനുള്ള അടിയന്തര ദുരന്ത നിവാരണ സമിതികളുള്ളതിനാൽ അവർ തീരുമാനം പ്രഖ്യാപിക്കും.

ക്യാംപസ് പഠനത്തിനുള്ള പുതിയ പ്രോട്ടോക്കോൾ

വിദ്യാർഥികൾക്ക് വ്യക്തിഗത ക്ലാസുകളിലേക്ക് മടങ്ങുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സുരക്ഷാ പ്രോട്ടോക്കോളുകളും അംഗീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കണം. മാതാപിതാക്കൾക്കും ഇത് ആവശ്യമാണ്. സ്കൂളുകളിൽ പ്രവേശിക്കാൻ അവരുടെ അൽ ഹൊൻ ആപ്പിൽ പച്ച പാസ്സ് ഉണ്ടാകണം.

ഏറ്റവും പുതിയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങളും അപ്ഡേറ്റുകളും സ്വീകരിക്കുന്നതെന്ന് സർക്കാർ വക്താവ് പറഞ്ഞു. എമിറേറ്റുകളിലുടനീളമുള്ള ദുരന്ത നിവാരണ സമിതികളുമായി ഏകോപിപ്പിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും പഠന മാതൃകയെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും നൽകുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here