മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന മുൻവിധിയെ വേരോടെ പിഴുതെറിയാൻ യുഎഇ ഒരുങ്ങുന്നു. വയലുകളും മരങ്ങളും നിറഞ്ഞ ഭാവിയിലേക്കു ചുവടുവയ്ക്കാൻ യുഎന്നുമായി ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം കുറിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള സാഹചര്യങ്ങൾ മൂലം ലോകമെങ്ങും ഹരിതമേഖലകൾ തരിശായി മാറുമ്പോഴാണു പച്ചപ്പ് പടർത്തുന്ന യുഎഇ പദ്ധതി.

യുഎന്നും യുഎഇ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയവും നടത്തിയ ശിൽപശാലയിൽ പദ്ധതികളുടെ രൂപരേഖ തയാറാക്കി. അരിയും ഗോതമ്പും വരെ വിളവെടുത്ത പദ്ധതികളുടെ വിജയം രാജ്യത്തിനു പ്രതീക്ഷ നൽകുന്നു. ഈ മേഖലയിൽ ഇന്ത്യ, ഇസ്രയേൽ, ദക്ഷിണകൊറിയ എന്നി രാജ്യങ്ങളുമായി തന്ത്രപ്രധാന സഹകരണവുമുണ്ട്. ഏതുകാലാവസ്ഥയിലും ജലലഭ്യത ഉറപ്പുവരുത്താനും കൃഷി ചെയ്യാനും കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകും.

ഭൂഗർഭജല ചൂഷണം, ഓരോ മേഖലയിലെയും തനതു വൃക്ഷങ്ങളുടെയും ചെടികളുടെയും നാശം, ജലസ്രോതസ്സുകൾ വറ്റുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുക തുടങ്ങിയ ഘടകങ്ങൾ മണ്ണ് തരിശാകാനും ഉപ്പ് വ്യാപിക്കാനും കാരണമാകുന്നു. കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനു പുറമേ പരിസ്ഥിതി സംരക്ഷണത്തിനു ശക്തമായ നിയമസംവിധാനത്തിനു രൂപം നൽകുമെന്നും പരിസ്ഥിതി മന്ത്രാലയം ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. നാസിർ സുൽത്താൻ പറഞ്ഞു.

ലോകത്തിനാകെ മാതൃകയാകുന്ന സംരംഭങ്ങളാണ് ആരംഭിക്കുന്നത്. ഈ രംഗത്ത് ഇതര രാജ്യങ്ങളെ സഹായിക്കാനും രാജ്യം സന്നദ്ധമാണ്. ഇസ്രയേൽ സഹകരണത്തോടെ യുഎഇയിൽ ജൈവകൃഷിയും തേനീച്ചവളർത്തലും വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

49 സംരക്ഷിത മേഖലകൾ

യുഎഇയിൽ 49 സംരക്ഷിത മേഖലകളാണുള്ളത്. ഇതു രാജ്യത്തിന്റെ മൊത്തം വിസ്തീർണത്തിൽ 15.5% വരും. ശാസ്ത്രീയ പദ്ധതികളിലൂടെ ഇവ വർധിപ്പിക്കും. 2030 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി കണ്ടൽ ചെടികൾ നടും. അതായത് കണ്ടൽ വനവ്യാപ്തി 483 ചതുരശ്ര കിലോമീറ്ററാകും. അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാനും വെള്ളത്തിലെ ഉപ്പ് നിയന്ത്രിക്കാനും ഒട്ടേറെ ജീവികൾക്ക് സുരക്ഷിത ആവാസകേന്ദ്രമൊരുക്കാനും കണ്ടൽക്കാടുകൾക്കു കഴിയുന്നു.

ശാസ്ത്രം വളരും മാറ്റം വരും

വരണ്ടകാലാവസ്ഥയിലും ഉപ്പുകലർന്ന മണ്ണിലും വളരുന്ന വിളകൾ വികസിപ്പിക്കുക, മലിനജലം ശുദ്ധീകരിച്ചു ജലസേചനത്തിന് ഉപയോഗിക്കുക, കൃത്രിമ മഴ കൂടുതലായി പെയ്യിക്കുക, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്നീ തലങ്ങളിലാണ് ഇതുവരെയുള്ള പദ്ധതികളെങ്കിൽ നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സ്മാർട് സംരഭങ്ങളാകും ഇനിയാരംഭിക്കുക.

ഭൂഗർഭജലശേഖരം സംരക്ഷിക്കാൻ അനധികൃത കിണർ നിർമാണം തടയുകയും ചെറുകിട അണക്കെട്ടുകൾ നിർമിച്ചു മഴവെള്ളം സംരക്ഷിക്കുകയും ചെയ്യും. 2013 ൽ മരുഭൂമി വ്യാപന പ്രതിഭാസം 168 രാജ്യങ്ങളിലായിരുന്നുവെങ്കിൽ നിലവിൽ കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചു. ഇതേ നില തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും ലോകത്തെ 90% മേഖലകളും മരൂഭൂമിയായി മാറിയേക്കാമെന്നാണു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here