ഇന്ത്യൻ കാർഷിക ഉൽപന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതി കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇളവുകളോടെയാകും ഇറക്കുമതി. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. ഭൗമസൂചികാപദവി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ-ജിഐ) ലഭിച്ച ഉൽപന്നങ്ങൾക്കു വർധിച്ചുവരുന്ന സ്വീകാര്യതയാണ് മറ്റൊരു പ്രത്യേകത. വ്യവസായ-കാർഷിക ഉൽപന്നങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. പാലക്കാടൻ മട്ട, , പൊക്കാളി, ബസ്മതി അരി, ആലപ്പുഴ കയർ, പച്ച ഏലയ്ക്ക, മലബാർ കുരുമുളക്, കാപ്പി, തിരുവിതാംകൂർ-മറയൂർ ശർക്കര, വാഴക്കുളം കൈതച്ചക്ക, ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, നിലമ്പൂർ തേക്ക് ഉൽപന്നങ്ങൾ, ചന്ദനം, ഡാർജിലിങ് തേയില, മൈസൂർ സിൽക്ക്, ജർദാലു മാങ്ങ, കൂർഗ് ഓറഞ്ച്, ഷാഹി ലിച്ചി തുടങ്ങിയവയുെട സാധ്യതകൾ വർധിക്കും.

കശ്മീരി ആപ്പിൾ, പലതരം മാമ്പഴങ്ങൾ എന്നിവ ധാരാളമായി യുഎഇയിൽ എത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കർഷകർ, തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് തീരുമാനം ഗുണകരമാകും. ഇരുരാജ്യങ്ങളിലും വാണിജ്യ-വ്യവസായ മേളകൾ, കാർഷിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാനും ധാരണയായി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ ആഭിമുഖ്യത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വെർച്വൽ ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥർ വാണിജ്യ-വ്യാപാര മേഖലാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആത്മനിർഭർ ഭാരത് പദ്ധതി ഭാഗമായി 2022 ആകുമ്പോഴേക്കും വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യൻ കാർഷികോൽപന്നങ്ങളുടെ കയറ്റുമതി 3,000 കോടി ഡോളറിൽ നിന്ന് 6,000 കോടിയായി ഉയർത്തുകയാണു ലക്ഷ്യമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here