ഇന്ത്യൻ ഉദ്യോഗാർഥികളുടെ പ്രിയപ്പെട്ട ഗൾഫ് രാജ്യമായി യുഎഇ മുന്നിൽ. കഴിഞ്ഞ 5 വർഷത്തിനിടെ ജോലിക്കായി കൂടുതൽ പേർ പോയത് യുഎഇയിലേക്കാണെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജോലി അന്വേഷിച്ച് ഇന്ത്യക്കാർ പോകുന്ന ആദ്യ 5 ഇടങ്ങളിൽ 4 എണ്ണം ഗൾഫ് രാജ്യങ്ങളാണ്. വിദഗ്ധരും അവിദഗ്ധരും കൂടുതൽ ആശ്രയിക്കുന്നതും ജിസിസി രാജ്യങ്ങളെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ഖത്തർ, അമേരിക്ക, ഒമാൻ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർ തൊഴിലന്വേഷിച്ച് പോകുന്നത്.

ലോക്സഭയിൽ ഡോ. മനോജ് രജോറിയയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വിദേശ തൊഴിൽ തേടുന്നവരുടെ സുരക്ഷിതത്വത്തിനായി ഏർപ്പെടുത്തിയ ഇ–മൈഗ്രേറ്റ് പോർട്ടൽ മൂലം തൊഴിൽ തട്ടിപ്പ് കുറഞ്ഞതായും മന്ത്രി പറഞ്ഞു.

ഉദ്യോഗാർഥികൾ വഞ്ചിക്കപ്പെടാതിരിക്കാനായി വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യാതെ അനധികൃതമായി പ്രവർത്തിക്കുന്നവരുടെ വിശദാംശങ്ങളും പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എമിഗ്രേഷൻ ക്ലിയറൻസ് നേടിയാൽ മാത്രമേ അർധ വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾ വിദേശത്തേക്കുപോകാനൊക്കൂ.

5 വർഷത്തിനിടെ യുപി, ബിഹാർ, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്ന് വിദേശത്തുപോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here