യു.എ.ഇ. യുടെ അമ്പതാമത് ദേശീയദിനാഘോഷത്തിനായി രാജ്യമെങ്ങും ഒരുക്കങ്ങളാരംഭിച്ചു. സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ദേശീയ പതാക കൊണ്ടലങ്കരിച്ചും കണ്ണഞ്ചിപ്പിക്കും വർണ വെളിച്ചത്തിലും സർക്കാർ കെട്ടിടങ്ങളും സ്ഥാപനങ്ങളും ആഘോഷത്തെ വരവേൽക്കുന്നു. ഷാർജ, അജ്മാൻ, വടക്കൻ എമിറേറ്റ്‌സ് എന്നിവിടങ്ങളിലെല്ലാം ദേശീയ ദിനാഘോഷത്തിനുള്ള തയാറെടുപ്പ് തുടങ്ങി. ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള മറുനാടൻ സംഘടനകളും ദേശീയ ദിനാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

കൃത്യമായ കോവിഡ് മാർഗ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും യു.എ.ഇ.യിൽ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുക. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണം ആഘോഷങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കേണ്ടതെന്നും യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.

കുടുംബങ്ങളായി ആഘോഷങ്ങൾക്ക് പോകുന്നവർ കൃത്യമായ നിയന്ത്രണം പാലിക്കണം. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം, കൂടാതെ ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവരുടെ കൈവശം 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ. ഫലം ഉണ്ടായിരിക്കണം.

പരിപാടികളിൽ പങ്കെടുക്കുന്നതിനുമുമ്പ് ശരീരത്തിന്റെ താപനില പരിശോധിക്കണം. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നും പ്രത്യേകം നിർദേശിക്കുന്നു. 80 ശതമാനത്തിലധികം ആളുകൾ ഒരേസമയം ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്. യു.എ.ഇ.യുടെ അമ്പതാം ദേശീയദിനത്തോടനുബന്ധിച്ച് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here