ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ യു.എ.ഇ. ഒന്നാം സ്ഥാനത്ത്. ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ഇൻഡക്സ് 2022 പുറത്തിറക്കിയ റിപ്പോർട്ടിലാണ് യു.എ.ഇ. ലോക സംരംഭത്വ സൂചികയിൽ മുന്നിലെത്തിയത്. 2015- ൽ നേടിയ നാലാം സ്ഥാനത്തുനിന്നാണ് മറ്റു വികസിത രാജ്യങ്ങളെ പിന്നിലാക്കി യു.എ.ഇ.യുടെ കുതിപ്പ്. 6.8 പോയന്റുമായാണ് രാജ്യം ഉയർന്ന സ്ഥാനം സ്വന്തമക്കിയത്.

സംരംഭകത്തിന് ഏറ്റവും പ്രചോദനമേകുന്ന അന്തരീക്ഷവും കമ്പനികൾ തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലോകത്തെ ഏറ്റവും മികച്ചയിടമായി യു.എ.ഇ .മാറിയെന്ന് റിപ്പോർട്ടിലുണ്ട്.

യു.എ.ഇ. ഭരണാധികാരികളുടെ പിന്തുണയും ദീർഘ വീക്ഷണവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം. മാതൃകാപരമായ ഒരു സംരംഭകത്വ അന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥകളുടെ മുൻനിരയിലെത്താൻ രാജ്യത്തെ പ്രാപ്തമാക്കിയതും ഭരണാധികാരികളുടെ ദീർഘവീക്ഷണമാണെന്ന് സാമ്പത്തിക വിദഗ്ധനായ അബ്ദുള്ള തൗഖ് അൽ മാരി അഭിപ്രായപ്പെട്ടു.

ഫെഡറൽ, പ്രാദേശിക ഭരണകൂടങ്ങളുടെയും ആഗോള പങ്കാളികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയും സാമ്പത്തിക മന്ത്രാലയം നടപ്പിലാക്കിയ പദ്ധതികൾക്കൊപ്പം രാജ്യത്തെ നേട്ടത്തിന്റെ നെറുകയിലെത്തിച്ചു. കൂടാതെ സജീവമായ സാമ്പത്തിക നയങ്ങളും മികച്ച നിക്ഷേപക സൗഹൃദ അന്തരീക്ഷമൊരുക്കി. സംരംഭകത്വ സൂചികയിൽ 13 മാനദണ്ഡങ്ങളിൽ 11 എണ്ണത്തിലും യു.എ.ഇ. പുരോഗതി കൈവരിച്ചു.

സർക്കാർ നയങ്ങൾ, നികുതികൾ, സംരംഭകത്വ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, കമ്പോള സാധ്യതകൾ തുടങ്ങിയ സൂചികങ്ങളിലും രാജ്യം മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here