കോവിഡ് 19 പരിശോധനയ്ക്കായി മൂക്കിലെ സ്രവത്തിനുപകരം ഉമിനീരും ഫലപ്രദമാണെന്ന് യു.എ.ഇ. ഗവേഷകർ. ദുബായ് ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ (എം.ബി.ആർ.യു.) ഗവേഷകരുടേതാണ് കണ്ടുപിടുത്തം. അറബ് മേഖലയിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പഠനം. ദുബായ് ഹെൽത്ത് അതോറിറ്റി, യൂണിലാബ്, അബുദാബി ക്ലീവ്‌ലാൻഡ് ക്ലിനിക്, അബുദാബി ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, നാഷണൽ റഫറൻസ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെയാണ് എം.ബി.ആർ.യു. പഠനം നടത്തിയത്.

അൽ ഖവനീജ് ഹെൽത്ത് സെന്ററിൽ കോവിഡ് പരിശോധനയ്ക്കായെത്തിയ 401 പേരിൽനിന്ന് ശേഖരിച്ച സാംപിളുകളാണ് അധികൃതർ പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ 50 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരായിരുന്നു. ദുബായ് യൂണിലാബിലായിരുന്നു സാംപിളുകൾ പരിശോധനയ്ക്കെത്തിച്ചത്. 95 ശതമാനത്തോളം വൈറസ് രോഗബാധ കണ്ടെത്തുന്നതിന് ഉമിനീർ ഉപയോഗിക്കാമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. പഠനം സംബന്ധിച്ച ജേണൽ അധികൃതർ പുറത്തിറക്കും.

സ്രവങ്ങൾക്കുപകരം ഉമിനീർ ഉപയോഗിക്കുന്നതുകാരണം പരിശോധന ശൃംഖല വിപുലീകരിക്കാനും കൂടുതൽ ലളിതമാക്കാനും കഴിയും. ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെതന്നെ രോഗിക്ക് സ്വയം സാംപിളുകൾ നൽകാനാകും. ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാം. കൂടാതെ മാസ് ടെസ്റ്റിങ്ങിന്റെ ചെലവ് കുറയ്ക്കാനാകുമെന്നും എം.ആർ.ബി.യു. കോളേജ് ഓഫ് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹനൻ അൽ സുവൈദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here