പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique ) എന്നീ രിജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും അറിയിച്ചു.

നവംബര്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യുഎഇയിലേക്ക് വരാം. എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം. വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പിസിആര്‍ പരിശോധന നടത്തുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് യുഎഇ നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. യുഎഇ പൗരന്മാര്‍ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികള്‍, അടിയന്തര മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here