യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൗലേയുമായി കൂടിക്കാഴ്ച നടത്തി. ദുബായ് എക്സ്‌പോ 2020 വില്ലേജിലായിരുന്നു കൂടിക്കാഴ്ച.

ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യുനെസ്കോയുടെ ഡയറക്ടർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശൈഖ് മുഹമ്മദ് അവരെ അഭിനന്ദിച്ചു. നിരവധി പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ആഗോളപൈതൃകം സംരക്ഷിക്കുന്നതിനുള്ള യു.എ.ഇ.യുടെ ശ്രമങ്ങൾ ശൈഖ് മുഹമ്മദ് യോഗത്തിൽ ചൂണ്ടിക്കാട്ടി.

യു.എ.ഇ.യുടെ ദേശീനദിനത്തോടനുബന്ധിച്ച് ഡിസംബർ രണ്ട് ലോക ഭാവിദിനമായി അംഗീകരിക്കാനുള്ള യുനെസ്കോയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്ട്രസമൂഹത്തിനുവേണ്ടി യു.എ.ഇ.യും യുനെസ്കോയും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോള പൈതൃകം സംരക്ഷിക്കുന്ന യു.എ.ഇ.യുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ലോകത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി യു.എ.ഇ.ക്കും യുനെസ്കോക്കും തങ്ങളുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും യുനെസ്കോ ഡയറക്ടർ ജനറൽ പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here