ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള സമയവായശ്രമങ്ങളെ യു.എ.ഇ. സ്വാഗതം ചെയ്തു. ഗൾഫ്-അറബ് ഐക്യത്തിന് കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ഗൾഫ്-അറബ് ഉച്ചകോടിക്കായി യു.എ.ഇ. കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതാദ്യമായാണ് യു.എ.ഇ. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ഖത്തറുമായുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതി കൈവരിച്ചതായി കുവൈത്തും സൗദി അറേബ്യയും കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ നിർണായക പുരോഗതിയുള്ളതായും ഒത്തുതീർപ്പിന്റെ അടുത്തെത്തിയെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസർ അൽ സബാഹ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, യു. എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള ലോക നേതാക്കളും കുവൈത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. സമാധാനനീക്കങ്ങളെ അഭിനന്ദിച്ച് യു.എ.ഇ. രംഗത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി. ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. നിർണായക ചുവടുവെപ്പാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ലുൽവ അൽഖാതിർ പറഞ്ഞു. മൂന്ന് വർഷത്തിലേറെയായി തുടരുന്ന ഖത്തർ ഉപരോധം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷ. മുസ്‌ലിം ബ്രദർഹുഡിനെ പിന്തുണയ്ക്കുന്നതടക്കമുള്ള വിഷയങ്ങളെത്തുടർന്നാണ്‌ ഒട്ടുമിക്ക ജി.സി.സി. രാജ്യങ്ങളും 2017 മുതൽ ഖത്തറിനെതിരേ ഉപരോധം ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here