കോവിഡിനെതിരായ പോരാട്ടത്തിൽ യുഎഇ വിജയത്തിലേക്ക്. കോവിഡ് വാക്സീൻ എടുക്കാൻ യോഗ്യരായവരിൽ 69.89% പേരും കുത്തിവയ്പ് എടുത്തതായി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ) അറിയിച്ചു. 60 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 77.84% പേരും വാക്സീൻ എടുത്തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ നാലര കോടി ആർടി പിസിആർ ടെസ്റ്റ് നടത്തിയതാണ് മറ്റൊരു നേട്ടം. ജനസംഖ്യയുടെ നാലിരട്ടിയിലധികം പരിശോധനകൾ നടത്തി ലോകത്തിനു തന്നെ മാതൃകയാണ് യുഎഇ. ഇതിൽ പകുതിയിലേറെയും സൗജന്യ പരിശോധനകളായിരുന്നു. രോഗികളെ കണ്ടെത്താനും വ്യാപനം തടയാനും പരിശോധന വ്യാപകമാക്കിയതുവഴി സാധിച്ചെന്ന് എൻസിഇഎംഎ വക്താവ് സെയ്ഫ് അൽ ദാഹിരി പറഞ്ഞു.

UAE as a model in covid defense

അബുദാബിയിൽ ആറു തവണ വീടുകൾ കയറി സൗജന്യ പരിശോധന നടത്തി. കോവിഡ് പ്രതിരോധത്തിൽ മാതൃകയാണ് യുഎഇ. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മുൻനിര പോരാളികളുടെ കഠിനാധ്വാനമാണ് കോവിഡിനെ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്. യുഎഇയിൽ ഇതുവരെ 1.07 കോടി ഡോസ് കോവിഡ് വാക്സീനാണ് നൽകിയത്.

ജനസംഖ്യയുടെ പകുതിയിലേറെ പേരും വാക്സീൻ എടുത്തെങ്കിലും സാധാരണ നില വീണ്ടെടുക്കുംവരെ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വരുന്നതിനാൽ എല്ലാവരും വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്നും ആവശ്യപ്പെട്ടു. റെഡ് വിഭാഗം രാജ്യങ്ങളിൽനിന്ന് വരുന്ന വാക്സീൻ എടുത്തവർക്കും 5 ദിവസം ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.

UAE as a model in covid defense 2

മാറിയ സാഹചര്യത്തിൽ ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നത് ഒഴിവാക്കണം. ഒരു വില്ലയിൽ/ഫ്ലാറ്റിൽ താമസിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് വ്യാപനം തടയാൻ സഹായിക്കും. വാടക വർധനയിൽനിന്ന് രക്ഷനേടാൻ പ്രവാസി കുടുംബങ്ങൾ ഷെയറിങ് അടിസ്ഥാനത്തിൽ ഒരു വീട്ടിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നത് പതിവാണ്. വയോധികർ, ഗുരുതര രോഗമുള്ളവർ എന്നിവർ പുറത്തുപോകരുത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗക്കാർക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ ഇവരുമായി ഇടപഴകുന്നവർ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

പെരുന്നാൾ ആശംസകളും ഒത്തുചേരലും ഓൺലൈനാക്കി സമ്പർക്കം കുറച്ചാൽ രോഗവ്യാപനം തടയാം. ഭക്ഷണം കൈമാറുന്നതും ഒഴിവാക്കാം. പെരുന്നാൾ ആഘോഷത്തിൽ മതിമറന്ന് കോവിഡ് മാനദണ്ഡം ലംഘിക്കരുത്. പെരുന്നാൾ സമ്മാനമായി കുട്ടികൾക്കു നേരിട്ടു പണം നൽകുന്നതും ഒഴിവാക്കാം. പകരം ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാം. പിന്നീട് പണം ഉപയോഗിച്ച് ആവശ്യമായതു വാങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here