കോവിഡ് പ്രതിരോധ മാർഗങ്ങൾ കൂടുതൽ ഏർപ്പെടുത്തിയും നിയമങ്ങൾ കർശനമാക്കിയും യു.എ.ഇ. മുന്നോട്ടുള്ള പ്രയാണം തുടരുന്നു. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച 18 ഷോപ്പുകൾ കഴിഞ്ഞദിവസം അധികൃതർ അടപ്പിച്ചു. അഞ്ച് ഭക്ഷ്യസ്ഥാപനങ്ങൾ, മൂന്ന് സലൂണുകൾ, 10 ലോൺഡ്രി എന്നിവയാണ് പൂട്ടിച്ചത്. അൽ ദഗായ, ഹോർ അൽ അൻസ്, നെയ്ഫ് എന്നിവിടങ്ങളിലാണ് നടപടിയുണ്ടായത്. അതേസമയം വിവിധ സ്ഥാപനങ്ങൾക്കായി 45 മുന്നറിയിപ്പുകളും നൽകിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മാർക്കറ്റുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ദുബായ് സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയിൽ എട്ട് കേന്ദ്രങ്ങൾ നിയമലംഘനം നടത്തിയതായും കണ്ടെത്തി. മുഖാവരണം ധരിക്കാതിരിക്കൽ, സാമൂഹികഅകലം പാലിക്കാതിരിക്കുക എന്നിവയാണ് കണ്ടെത്തിയത്. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.

വാക്സിനെടുത്തവർക്ക് ഇളവുകൾ ലഭിക്കണമെങ്കിൽ ഏഴുദിവസത്തെ ഇടവേളകളിൽ പി.സി.ആർ. പരിശോധന നിർബന്ധമാണ്. രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷമാണ് പി.സി.ആർ. പരിശോധന നടത്തേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആവുന്നവർക്ക് ആപ്പിൽ പച്ചനിറത്തിലുള്ള ‘ഇ’ തെളിയും. ഏഴുദിവസമാണ് ഇതിന്റെ കാലാവധി. ഓരോ ആഴ്ചയും പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നവർക്കാണ് ഇത് നിലനിൽക്കുക. അത്തരത്തിലുള്ളവർക്ക് യാത്രകൾക്ക് ശേഷം ക്വാറന്റീൻ വേണ്ട.

സർക്കാർ ജീവനക്കാർക്കും കരാർ ജോലിക്കാർക്കും ഏഴ് ദിവസം കൂടുമ്പോൾ പി.സി.ആർ പരിശോധന നിർബന്ധമാക്കിയതായി മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മുഴുവൻ സമയ ജീവനക്കാർക്കും ഇത് ബാധകമാണ്. വാക്‌സിൻ രണ്ടുഡോസും എടുത്തവരെ മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ദുബായിൽ സിനോഫാം, ഫൈസർ-ബയോ എൻടെക് വാക്സിനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അബുദാബിയിൽ അൽ ഐൻ കേന്ദ്രീകരിച്ച് സ്പുട്‌നിക് രണ്ടാം ഘട്ട പരീക്ഷണം നടന്നുവരുകയാണ്. ദുബായിൽ 120 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്.

ഷാർജയിൽ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ പ്രകാരം അധ്യാപക, അനധ്യാപക ജീവനക്കാർ 14 ദിവസത്തെ ഇടവേളകളിൽ പി.സി.ആർ. പരിശോധന നടത്തണം.

പോലീസ് മേധാവി വാക്സിനെടുത്തു

ദുബായ് പോലീസ് കമാൻഡൻ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി തിങ്കളാഴ്ച കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു.

ദുബായിൽ വിവിധയിടങ്ങളിലായി സൗജന്യ വാക്സിൻ വിതരണം നടക്കുന്നുണ്ട്.

ഇസ്‌ലാമിക് സെന്ററിൽ നിന്ന് വാക്സിൻ സ്വീകരിച്ചത് 4127 പേർ

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാക്സിൻ യജ്ഞത്തിൽ 4127 പേർ ഭാഗമായി. അബുദാബി ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ വാക്സിൻ വിതരണം നടന്നു. ഒപ്പം പി.സി.ആർ. പരിശോധനയും ഏർപ്പെടുത്തിയത് ആളുകൾക്ക് സഹായമായി. സെന്റർ ഹാളിൽ പതിനെട്ട് കൗണ്ടറുകൾ ഒരുക്കിയാണ് വാക്സിൻ വിതരണം നടന്നത്.

ആരോഗ്യവകുപ്പിലെ മുപ്പതിലധികം പ്രവർത്തകർ വാക്സിൻ കുത്തിവെപ്പും അൻപതോളം പേർ പി.സി.ആർ. പരിശോധനയും എളുപ്പമാക്കി. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി കെ.എം.സി.സി., സുന്നി സെന്റർ നേതാക്കളും പ്രവർത്തകരും പ്രവർത്തനങ്ങളിൽ സജീവമായി.

LEAVE A REPLY

Please enter your comment!
Please enter your name here