തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിൽ വ്യവസായമേഖലയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിപിഇ കിറ്റ്, എൻ95, വെന്റിലേറ്റർ എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോൾ കേരളത്തിലെ വ്യവസായികൾ അ‌വ സ്വയം ഉത്പാദിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ സാമഗ്രികൾ ഉത്പാദിപ്പിക്കാൻ മുന്നോട്ടുവന്ന സ്ഥാപനങ്ങളെ എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.

കൊച്ചിയിലെ കിറ്റക്സ് ഗാർ​മെന്റ്സ് പിപിഇ കിറ്റുകൾ വികസിപ്പിച്ചു. കേന്ദ്ര മാനദണ്ഡങ്ങൾക്ക് അ‌നുസൃതമായാണ് ഇവ നിർമിച്ചിരിക്കുന്നത്. പ്രതിദിനം ഇരുപതിനായിരം കിറ്റുകൾ നിർമിക്കാൻ അ‌വർക്കാകും. സർക്കാർ മെയ്ക്കർ വില്ലേജിന്റെ സഹായത്തോടെ കൊച്ചിയിലെ ഏറോഫിൽ ഫിൽറ്റേർസ് ഇന്ത്യ എൻ95 മാസ്കുകൾ വികസിപ്പിച്ചു. ഇതിന് കേന്ദ്രസർക്കാരിന്റെ ഗ്വാളിയോർ ലാബിന്റെ അ‌ംഗീകാരം കൂടി ലഭിക്കാനുണ്ട്. വെന്റിലേറ്ററുകളുടെ ലഭ്യത കുറയുന്നത് പ്രതിസന്ധിയാകുമെന്ന സാഹചര്യത്തിലാണ് അ‌വ ഇന്ത്യയിൽ തന്നെ നിർമിക്കാനാകു​മോ എന്ന് സർക്കാർ ആരാഞ്ഞത്. ഈ ദൗത്യം നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അ‌വരുടെ കൊച്ചി ഗവേഷണ​കേന്ദ്രത്തിൽ അ‌ന്താരാഷ്ട്ര ഗുണനിലവാരമുള്ള വെന്റിലേറ്ററുകൾ വികസിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ വിദഗ്ധ ഡോക്ടർമാർ വെന്റിലേറ്ററുകൾ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമായ അ‌നുമതികൾ കരസ്ഥമാക്കി അ‌വ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർജിക്കൽ ഗ്ലൗസിന്റെ ഉത്പാദനം സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നുണ്ട്. കിൻഫ്ര പാർക്കിലെ യൂബിയോ കമ്പനി കോവിഡ് 19 ടെസ്റ്റ് കിറ്റുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഐസിഎംആറിന്റെ അ‌ംഗീകാരത്തിനായി അ‌യച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി വ്യവസായലോകം എങ്ങനെയെല്ലാം തയ്യാറെടുക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here