ആഡംബര വസ്തുവകകളുടെയും വില്ലകളുടെയും മറ്റും വിലയിൽ ദുബായിൽ ആറു ശതമാനത്തോളം താഴ്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അതേ സമയം, റിയൽ എസ്റ്റേറ്റ് വിൽപനയിൽ മൊത്തത്തിൽ നല്ല ഉയർച്ചയുണ്ടായതായും റിപ്പോർട്ടുണ്ട്. വിലയിൽ താഴ്ചയുണ്ടായെങ്കിലും നിക്ഷേപകരിലും മറ്റും ആത്മവിശ്വാസം വളർന്നതിനാൽ കൂടുതൽ അപ്പാർട്മെന്റുകളും വില്ലകളുമെല്ലാം വിറ്റതായാണു ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ രേഖകൾ വ്യക്തമാക്കുന്നത്. യൂറോപ്പിൽ നിന്നുള്ളവരാണ് കൂടുതലായി നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്.

ഈ വർഷം ആദ്യ പാദത്തിൽ പ്രമുഖ സ്ഥലങ്ങളിലെ സ്ഥലങ്ങൾക്കും വില്ലകൾക്കുമെല്ലാം വിലയിൽ ശരാശരി 45 ദശലക്ഷം ദിർഹത്തിന്റെ കുറവു വന്നതായാണു കണക്ക്. അതേ സമയം, ഈ മേഖലകളിലെ വിൽപനയിൽ 1.3% വർധനയുണ്ടായി. 5258 അപ്പാർട്മെന്റുകളും 742 വില്ലകളും ദുബായിലെ പ്രമുഖ സ്ഥലങ്ങളിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനുള്ളിൽ വിറ്റുപോയി. മുഹമ്മദ് ബിൻ റാഷിദ് സിറ്റി, പാം ജുമൈറ, ഡൗൺടൗൺ എന്നീ മേഖലകളിലാണ് പ്രധാനമായും വിൽപന നടന്നത്.

ഇവിടങ്ങളിൽ യഥാക്രമം 319 കോടി ദിർഹം,310 കോടി ദിർഹം 260 കോടി ദിർഹം എന്നിങ്ങനെയാണ് വിൽപന നടന്നിരിക്കുന്നത്. ജുമൈറ ഐലൻഡ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, അൽ ബറാറി എന്നിവിടങ്ങളിൽ വൻ വിൽപനയാണു നടന്നത്. ജുമൈറ ഐലൻഡിൽ 9 കോടി ദിർഹമായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപനയിലൂടെ ലഭിച്ചതെങ്കിൽ ഇത്തവണ അത് 20 കോടിയിലേറെ ദിർഹമായി. റസിഡൻഷ്യൽ മേഖലയിൽ ചതുരശ്ര അടി സ്ഥലത്തിന് ഒന്നേകാൽ ലക്ഷത്തിലധികം രൂപയാണു വില.

വില്ലകളുടെ വിൽപനയിലും 32.3% വർധനയുണ്ടായി. 610 കോടി ദിർഹത്തിന്റെ വിൽപനയാണ് വില്ലകളുടെ കാര്യത്തിൽ ഈ വർഷം ആദ്യപാദത്തിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 410 കോടി ദിർഹമായിരുന്നു. ശരാശരി 22 കോടി രൂപയിൽ കൂടുതലായിരുന്നു പക്ഷേ അന്ന് ഒരു വില്ലയുടെ വില. എന്നാൽ ഇപ്പോൾ ഒരു വില്ലയുടെ വില ശരാശരി 20 കോടി രൂപയായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ വില്ലകൾ വിറ്റുപോയത് മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലാണ്. പാം ജുമൈറ, എമിറേറ്റ്സ് ലിവിങ് എന്നിവിടങ്ങളിലാണ് പിന്നീട് ഏറ്റവുമധികം വില്ലകളുടെ വിൽപന നടന്നത്. അപ്പാർട്മെന്റുകളുടെ വിൽപനയിൽ പത്തു ശതമാനം ഇടിവുണ്ടായി. 1090 കോടി ദിർഹത്തിന്റെ വിൽപനയാണ് ആദ്യപാദത്തിൽ നടന്നത്. അഞ്ചു കോടി രൂപയാണ് ഒരു അപ്പാർട്മെന്റിന്റെ ശരാശരി വില. ഡൗൺ ടൗൺ, ബിസിനസ് ബേ, പാം ജുമൈറ എന്നീ പ്രമുഖ സ്ഥലങ്ങളിൽ ഒരു അപ്പാർട്മെന്റിന് ചതുരശ്ര അടിക്ക് ശരാശരി 28000 രൂപയിലധികമാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here