കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ലോകത്തെ ഏറ്റവും വലിയ പരീക്ഷണം അമേരിക്കയില്‍ തിങ്കളാഴ്ച്ച ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30,000 വൊളന്റിയര്‍മാരിലാണ് പരീക്ഷിക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും മോഡേണ കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാവൂമോ എന്നറിയാന്‍ മനുഷ്യരിലെ ഈ പരീക്ഷണ ഘട്ടം കടക്കണം.

നല്‍കുന്നത് ഒറിജിനല്‍ വാക്‌സിന്‍ ആണോ ഡമ്മി വാക്‌സിനാണോ എന്നറിയിക്കാതെയാണ് വൊളന്റിയര്‍മാര്‍ക്ക് കുത്തിവയ്ക്കുക. രണ്ട് ഡോസിന് ശേഷം അവരെ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കും. വൈറസ് വ്യാപകമായി പടരുന്ന പ്രദേശങ്ങളില്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്ന ഇവരില്‍ ഏത് ഗ്രൂപ്പിനാണ് കൂടുതല്‍ വൈറസ് ബാധ ഉണ്ടാവുന്നതെന്ന് കണ്ടെത്തും.

ചൈന, ബ്രിട്ടന്റെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി എന്നിവ വികസിപ്പിച്ച വാക്‌സിനുകളുടെ പരീക്ഷണം ഈയിടെ ബ്രസീലിലും മറ്റു ചില രാജ്യങ്ങളിലും നടന്നിരുന്നു. ഇന്ത്യയിലും സമാന പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയില്‍ വാക്‌സിന്‍ ഉപയോഗിക്കണമെങ്കില്‍ സ്വന്തമായി പരീക്ഷണം നടത്തി വിജയിക്കണം. വരുന്ന ഓരോ മാസങ്ങളിലും ഓരോ കമ്പനിയുടെ വാക്‌സിനുകള്‍ പരീക്ഷിക്കും. ഓരോ പരീക്ഷണത്തിലും 30,000 വൊളന്റിയര്‍മാര്‍ വീതം പങ്കാളികളാവും.

LEAVE A REPLY

Please enter your comment!
Please enter your name here