ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന് എവിടെയാണ് പിഴച്ചതെന്നു ചൂണ്ടിക്കാട്ടി മുന്‍ പേസ് ബൗളിങ് ഇതിഹാസവും ഇപ്പോള്‍ ബൗളിങ് കോച്ചുമായ വഖാര്‍ യൂനിസ്. അന്നു ഏകപക്ഷീയമായ മല്‍സരത്തില്‍ 89 റണ്‍സിന് വിരാട് കോലിയും സംഘവും പാക് പടയെ തകര്‍ത്തുവിടുകയായിരുന്നു. ടോസില്‍ തുടങ്ങി കളിയുടെ തുടക്കം മുതല്‍ അന്നു പാകിസ്താന് എല്ലായിടത്തും പിഴവ് സംഭവിച്ചതായി യൂനിസ് അഭിപ്രായപ്പെട്ടു.

ഇന്ത്യക്കെതിരേ പാകിസ്താന്റെ കഷ്ടകാലം തുടക്കം മുതല്‍ തന്നെയുണ്ടായിരുന്നു. പിച്ചില്‍ നിന്നും തങ്ങള്‍ക്കു ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തത്. പക്ഷെ ഈ കണക്കുകൂട്ടലുകള്‍ തെറ്റി. തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റുകളെടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു പാക് തന്ത്രം. എന്നാല്‍ മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യ പാകിസ്താന്റെ ഈ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയതായി യൂനിസ് നിരീക്ഷിച്ചു.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കു വേണ്ടി പടുത്തുയര്‍ത്തിയത്. ഈ സഖ്യത്തെ എങ്ങനെ വേര്‍പിരിക്കണമെന്നു പോലുമറിയാതെ പാകിസ്താന്‍ വലഞ്ഞു. പാകിസ്താന്റെ ഒരു ബൗളര്‍മാരെയും നിലയുറപ്പിക്കാന്‍ ഇരുവരും അനുവദിച്ചില്ല. പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കു കാര്യമായ സഹായവും ലഭിച്ചില്ല. രോഹിത്- രാഹുല്‍ സഖ്യം ട്രാക്കിലായിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചുനിര്‍ത്തുക വളരെ ബുദ്ധിമുട്ടാണ്. അവര്‍ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ പാകിസ്താന് മറുപടി ഇല്ലായിരുന്നുവെന്ന് യൂനിസ് വിശദമാക്കി.

വളരെ ചെറിയ ഒരു പിഴവായിരുന്നു ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള പാകിസ്താന്റെ തീരുമാനം. അത്തരമൊരു പിച്ചില്‍ ഇന്ത്യയെ പാകിസ്താന്‍ ബാറ്റിങിന് അയക്കരുതായിരുന്നു. ടോസ് അനുകൂലമായിട്ടും അത് മല്‍സരത്തില്‍ പാകിസ്താനെ സഹായിച്ചില്ല. മറുഭാഗത്ത് ഇന്ത്യയാവട്ടെ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here