ഹൈദരാബാദ്∙ ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ സ്വന്തം പേരിലേക്കു ചുരുക്കിയ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ കളി കണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എല്ലാവരെയും പോലെ സച്ചിനായിരുന്നു തന്റെയും മാതൃകാപുരുഷനെന്ന് വിഹാരി വെളിപ്പെടുത്തി. സച്ചിന്റെ കളി കണ്ടാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞതെന്നും വിഹാരി പറഞ്ഞു.

‘കളിച്ചുതുടങ്ങുന്ന കാലം മുതൽ സച്ചിനായിരുന്നു എന്റെ മാതൃക. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതുപോലും സച്ചിനെ കണ്ടിട്ടാണ്. ചെറുപ്പം മുതലേ സച്ചിന്റെ ബാറ്റിങ് കാണാൻ വലിയ ഇഷ്ടമായിരുന്നു. 1990കളിൽ ബാറ്റിങ്ങിൽ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അദ്ദേഹം. അദ്ദേഹം ഔട്ടാകുമ്പോഴെല്ലാം ഞാൻ കരയും. ടിവി നിർത്തി എണീറ്റുപോകും’ – വിഹാരി വെളിപ്പെടുത്തി.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കണമെന്നാതായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹമെന്നും വിഹാരി വെളിപ്പെടുത്തി. 2018 സെപ്റ്റംബറിൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റിലാണ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിഹാരിക്ക് അവസരമൊരുങ്ങിയത്.

‘സതാംപ്ടൺ ടെസ്റ്റിലെ തോൽവിക്കു ശേഷം പരിശീലകൻ രവി ശാസ്ത്രിയാണ് അവസാന ടെസ്റ്റിൽ കളത്തിലിറങ്ങാൻ സജ്ജനായിരിക്കാൻ എന്നോട് ആവശ്യപ്പെട്ടത്. അടുത്ത ടെസ്റ്റ് തുടങ്ങാൻ മൂന്നു ദിവസത്തെ ഇടവേളയുണ്ടായിരുന്നു. ഈ ദിവസങ്ങളിൽ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ. മത്സരത്തലേന്ന് രാത്രി മൊത്തം ജയിം ആൻഡേഴ്സനെയും സ്റ്റുവാർട്ട് ബ്രോഡിനെയും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ എങ്ങനെ നേരിടാമെന്നു മാത്രമായിരുന്നു എന്റെ ചിന്ത. നിങ്ങൾക്കറിയാവുന്നതുപോലെ, അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു’ – വിഹാരി പറഞ്ഞു. ഈ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടിയാണ് വിഹാരി വരവറിയിച്ചത്. അന്നുമുതൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരാംഗം കൂടിയാണ് വിഹാരി.

LEAVE A REPLY

Please enter your comment!
Please enter your name here