ജിദ്ദ: യമനില്‍ അനുരജ്ഞനത്തിന് ഉണ്ടാക്കിയ ‘റിയാദ് കരാര്‍’ എത്രയും വേഗം നടപ്പിലാക്കി പൂര്‍വസ്ഥിതി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് അറബ് സഖ്യം ആവശ്യപ്പെട്ടു. യമന്റെ താത്കാലിക തലസ്ഥാനമായ ഏദനില്‍ കഴിഞ്ഞ ദിവസം ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ഏകപക്ഷീയമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന്, ഏദനിലും ദക്ഷിണ യമനിലെ പലയിടത്തും വീര്‍പ്പ് മുട്ടല്‍ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സഖ്യത്തിന്‍െറ ആവശ്യം.ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങള്‍ നേതൃത്വം കൊടുക്കുന്ന അറബ് സഖ്യം തിങ്കളാഴ്ച രംഗത്തെത്തിയത്. യമനിലെ നിയമാനുസൃത സര്‍ക്കാരിന് രാഷ്ട്രീയമായും മറ്റുമുള്ള പിന്തുണ നല്‍കുന്നവരാണ് അറബ് സഖ്യവും അറബ് സഖ്യസേനയും.

യമനില്‍ അനുരജ്ഞനത്തിന് ഉണ്ടാക്കിയ റിയാദ് കരാറിന് വിരുദ്ധമായ യാതൊരു നീക്കവും ഉണ്ടാവരുതെന്നും സഖ്യം ആവശ്യപ്പെട്ടു. റിയാദ് കരാറിന് ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. യമനിലെ ഐക്യം സാദ്ധ്യമാക്കുക, ഭീകരതാ ഭീഷണി നിര്‍മാര്‍ജനം ചെയ്യുക, രാജ്യത്തെ ഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ റിയാദ് കരാര്‍ നടപ്പാക്കേണ്ടത് ആവശ്യമാണ്. യമന്‍ ജനതയുടെ താല്പര്യങ്ങള്‍ക്കായിരിക്കണം മറ്റെല്ലാ താല്പര്യങ്ങളെക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത്.

സംഘര്‍ഷം ഉണ്ടാക്കുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ഇക്കാര്യങ്ങള്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറില്‍ ഒപ്പിട്ട വിവിധ കക്ഷികള്‍ക്കുണ്ടെന്നും അറബ്സഖ്യം ഓര്‍മപ്പെടുത്തി. യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പുനരവരോധിക്കുക, ഭീകര സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യുക, അട്ടിമറിയെ പരാജയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് റിയാദ് കരാര്‍ നടപ്പാക്കണമെന്നും അറബ് സഖ്യം ചൂണ്ടിക്കാട്ടി. കരാര്‍ അനുശാസിക്കുന്നത് പ്രകാരം ഏദന്‍ ആസ്ഥാനമായി ഒരു ‘പ്രാപ്തരുടെ സര്‍ക്കാര്‍’ എത്രയും നിലവില്‍ വരണമെന്നും അതിന്റെ കീഴില്‍ ഇയ്യിടെയുണ്ടായ പ്രളയം, ഭീഷണിയുയര്‍ത്തുന്ന കൊവിഡ് എന്നിവയുടെ ആഘാതങ്ങളെ നേരിടുകയും സാമൂഹ്യ, സാമ്ബത്തിക പുരോഗതിക്കായുയുള്ള പ്രവര്‍ത്തങ്ങള്‍ ഉടന്‍ തുടങ്ങുകയും വേണമെന്നും സഖ്യം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here