ജനുവരി ഒന്നിന് വർഷാവസാന അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: പുതുവർഷ ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ഖത്തർ സെൻട്രൽ ബാങ്ക് അവധി പ്രഖ്യാപിച്ചു. വർഷാവസാന അവധിയെന്ന നിലയിലാണ് ജനുവരി ഒന്നിന് എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കുമായി അവധി പ്രഖ്യാപിച്ചത്. ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി, ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവക്ക് കീഴിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിനം.
അതേസമയം, മാളുകൾ ഉൾപ്പെടെ ചിലയിടങ്ങളിലെ ബ്രാഞ്ചുകൾ അവധി ദിനത്തിലും പ്രവർത്തിക്കുമെന്ന് ബാങ്കുകൾ അറിയിച്ചു. ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശമായും സമൂഹ മാധ്യമ പേജ് വഴിയും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറുന്നുണ്ട്. ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ അൽ ഗറാഫ (ക്യൂ മാൾ), ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ, ദാർ അൽ സലാം, പ്ലെയ്സ് വെൻഡോം എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും.