ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റുചെയ്യുന്ന ഇന്ത്യൻ താരം വിരാട് കോലി

സെഞ്ചൂറിയൻ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് കൈവിട്ടെങ്കിലും. ടീം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലിയുടെ ബാറ്റിങ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യൻ ഇന്നിങ്സിൽ 76 റൺസുമായി ടോപ് സ്കോററായ കോലി ഏറ്റവും ഒടുവിലാണ് പുറത്തായത്. ഇന്നിങ്സിൽ ഇന്ത്യ ആകെ നേടിയത് 131 റൺസാണെന്നതു കൂടി കണക്കാക്കുമ്പോൾ കോലിയുടെ സംഭാവന എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാം. ആദ്യ ഇന്നിങ്സിൽ 38 റൺസും കോലി സ്വന്തം അക്കൗണ്ടിൽ ചേർത്തു.

ആദ്യ ഇന്നിങ്സിലെ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡ് കോലി സ്വന്തം പേരിലാക്കിയിരുന്നു. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറെയാണ് കോലി മറികടന്നത്. എന്നാൽ രണ്ടാം ഇന്നിങ്സിലാകട്ടെ, 146 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏഴ് കലണ്ടർ വർഷം 2000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് താരം കുറിച്ചത്. ആറു തവണ ഈ നേട്ടം കൈവരിച്ച മുൻ ശ്രീലങ്കൻ താരം കുമാര്‍ സംഗക്കാരയുടെ റെക്കോർഡാണ് പിന്നിലായത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിനു മുൻപ് 1934 റൺസായിരുന്നു ഇക്കൊല്ലം കോലിയുടെ സമ്പാദ്യം. രണ്ടാം ഇന്നിങ്സിൽ 28 റൺസ് നേടിയതോടെ 2000 റൺസ് തികച്ചു. 76 റൺസുമായി പുറത്തായപ്പോൾ ഇക്കൊല്ലത്തെ ആകെ റൺസ് 2048 ആയി. ഇതിൽ 1377 റൺസ് ഏകദിനത്തിൽ നേടിയതാണ്. ഇതിനുമുൻപ് 2012 (2186 റണ്‍സ്), 2014 (2286 റൺസ്), 2016 (2595 റൺസ്), 2017 (2818 റൺസ്), 2018 (2735 റൺസ്), 2019 (2455 റൺസ്) വർഷങ്ങളിലാണ് കോലി 2000 റൺസ് പിന്നിട്ടിട്ടുള്ളത്. 1877 മുതലുള്ള ഔദ്യോഗിക ക്രിക്കറ്റ് രേഖകള്‍ പ്രകാരം ആദ്യമായാണ് ഒരു താരം ഏഴു തവണ ഈ നേട്ടത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here