അബുദാബി ∙ ഹജ് അപേക്ഷകർ ഏപ്രിൽ 24നകം അസ്സൽ പാസ്പോർട്ട് ഹജ് കമ്മിറ്റിയെ ഏൽപിക്കണമെന്ന തീരുമാനം പ്രവാസി തീർഥാടകർക്ക് തിരിച്ചടി. ഇതനുസരിച്ച് പ്രവാസി അപേക്ഷകർ കുറഞ്ഞത് 3 മാസമെങ്കിലും ലീവ് എടുത്ത് നാട്ടിൽ എത്തണമെന്നതാണ് വെല്ലുവിളി. ഇത്രയും നാൾ ലീവ് കിട്ടുക പ്രയാസമാണുതാനും. ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 അവസാനിക്കാനിരിക്കെ തീരുമാനമെടുക്കാനാകാതെ പ്രവാസി അപേക്ഷകർ ആശങ്കയിൽ.

ഹജ് വീസ ഓൺലൈനായതിനാൽ മുൻകൂട്ടി പാസ്പോർട്ട് വാങ്ങി വയ്ക്കേണ്ടതില്ല. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി പ്രവാസികൾക്ക് ഇളവ് നൽകാവുന്നതാണ്. പ്രവാസി അപേക്ഷകർ നാട്ടിൽ എത്തുന്ന സമയത്തോ അല്ലെങ്കിൽ യാത്രാ ദിവസം എംബാർക്കേഷൻ പോയിന്റിലോ പാസ്പോർട്ട് സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യഘട്ട ഫീസിനൊപ്പം ഏപ്രിൽ 24നകം അസ്സൽ പാസ്പോർട്ടും നൽകണമെന്നാണ് നിർദേശം. രേഖകൾ സമർപ്പിക്കാത്തവരുടെ അപേക്ഷ റദ്ദാക്കി കാത്തിരിപ്പു പട്ടികയിലുള്ളവർക്ക് അവസരം നൽകുമെന്ന അറിയിപ്പും പ്രവാസി അപേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടി.

ഏപ്രിൽ 24നകം പാസ്പോർട്ട് സമർപ്പിക്കണമെങ്കിൽ അതിനു മുൻപ് ലീവെടുത്ത് നാട്ടിൽ എത്തണം. ഇന്ത്യയിൽനിന്ന് മേയ് 9ന് ആരംഭിക്കുന്ന തീർഥാടകരുടെ യാത്ര ജൂൺ 10 വരെ തുടരും. ഹജ്ജിനു ശേഷം മടക്ക യാത്ര ജൂൺ 20 മുതൽ ജൂലൈ 21 വരെ. ഇത്രയും നാളത്തെ ലീവ് ഒരു കമ്പനിയും അനുവദിക്കില്ല. ഡിജിറ്റൽ യുഗത്തിൽ സ്മാർട് സംവിധാനം ഉപയോഗപ്പെടുത്തി സുഗമമായ ഹജ് നിർവഹണത്തിന് അവസരമൊരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രവാസി അപേക്ഷകർക്ക് അതാതു രാജ്യത്തുനിന്ന് നേരിട്ട് സൗദിയിലെത്തി ഇന്ത്യൻ സംഘത്തോടൊപ്പം ചേരാൻ അനുമതി നൽകുന്നത് വലിയ അനുഗ്രഹമാകുമെന്നും ചൂണ്ടിക്കാട്ടുന്നു

∙ പ്രവാസികൾക്ക് ഹജ് ക്വാട്ട

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രത്യേക ഹജ് ക്വാട്ട അനുവദിക്കണമെന്ന ആവശ്യവും ശക്തം. ജോലി ചെയ്യുന്ന രാജ്യത്തെ ക്വാട്ടയിൽ ഹജിനു പോകാൻ നേരത്തെ ഉണ്ടായിരുന്ന അവസരം നഷ്ടപ്പെട്ടതോടെ പ്രവാസികൾക്ക് ഇന്ത്യൻ ക്വാട്ടയിൽ മാത്രമേ ഹജ്ജിന് പോകാൻ സാധിക്കൂ. എന്നാൽ ഇന്ത്യയിലെ നറുക്കെടുപ്പിൽ ഇടംപിടിക്കാതെ വർഷംതോറും ആയിരങ്ങൾക്ക് അവസരം നഷ്ടപ്പെടുന്നു. അതിനാൽ കേന്ദ്ര ഹജ് കമ്മിറ്റി, സ്വകാര്യ ഏജൻസി എന്നിവയിൽ പ്രവാസികൾക്ക് നിശ്ചിക ക്വാട്ട നീക്കിവച്ച് കൂടുതൽ പ്രവാസികൾക്ക് ഹജ്ജിന് അവസരമൊരുക്കണമെന്ന് കേന്ദ്ര, സംസ്ഥാന ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here