ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് സൗദി അറേബ്യ കണക്കുകൂട്ടുന്നു. നിലവിലെ ഉംറ സീസണില്‍ ഒരു കോടി സന്ദര്‍ശകരെയാണ് സൗദി പ്രതീക്ഷിക്കുന്നത്. ഇതിനായി മക്കയിലും മദീനയിലും സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കൂടുതല്‍ ഉംറ വിസകള്‍ വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുക സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

ഉംറ തീര്‍ത്ഥാടകര്‍

മക്ക: 2023ല്‍ 18 ലക്ഷം ഇന്ത്യക്കാര്‍ ഉംറ നിര്‍വഹിക്കുന്നതിനായി മക്കയിലെ പുണ്യഭൂമിയിലെത്തി. ഈ വര്‍ഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

2024ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ഉംറ നിര്‍വഹിക്കാനെത്തിയ ആദ്യ രണ്ട് രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചില്ല.

വര്‍ഷത്തില്‍ ഏത് സമയത്തും നടത്താവുന്ന മക്കയിലേക്കുള്ള ഒരു ഇസ്ലാമിക തീര്‍ത്ഥാടനമാണ് ഉംറ. ഈ മാസത്തിന്റെ തുടക്കത്തില്‍ സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ ഡിസംബര്‍ ആദ്യം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഉംറ മേഖലയില്‍ ഇന്ത്യയുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.

ആദ്യമായി ഇന്ത്യയിലെത്തിയ അദ്ദേഹം ഉംറ വിസ അപേക്ഷ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും പരിഷ്‌കരിക്കുകയും ചെയ്തതായി അറിയിച്ചിരുന്നു. വിസ നടപടികള്‍ക്കുള്ള സൗദി സര്‍ക്കാരിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ ‘നുസുക്’ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ഡിസംബര്‍ 4 മുതല്‍ 6 വരെ നടന്ന പ്രദര്‍ശന പരിപാടിയില്‍ ഇന്ത്യയിലെ ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉംറ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളിലെ പ്രതിനിധികളും സംബന്ധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here