ഇന്ത്യൻ ക്രിക്കറ്റ് ടീം

സെഞ്ചൂറിയൻ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഐസിസിയുടെ നടപടി. കുറഞ്ഞ ഓവർ നിരക്കിന് മാച്ച് ഫീസിന്റെ 10 ശതമാനം ടീം ഇന്ത്യ പിഴയൊടുക്കണം. ഒപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ രണ്ട് പോയിന്റും ഇന്ത്യയ്ക്ക് നഷ്ടമായി. മത്സരത്തിൽ ഇന്നിങ്സിനും 32 റൺസിനുമാണ് ഇന്ത്യ തോറ്റത്.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ നിശ്ചിത സമയത്ത് എറിയേണ്ടതിനേക്കാൾ രണ്ട് ഓവർ പിന്നിലായിരുന്നു ഇന്ത്യയെന്ന് ഐസിസി വ്യക്തമാക്കി. വൈകുന്ന ഓരോ ഓവറിനും മാച്ച് ഫീസിന്റെ 5 ശതമാനം വീതമാണ് പിഴയീടാക്കുക. ഓരോ ഓവറിനും ഒരു പോയിന്റു വീതം ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിൽ കുറവു വരുത്തുകയും ചെയ്യും. ഇതോടെ പട്ടികയിൽ അഞ്ചാമതായിരുന്ന ഇന്ത്യ ആറാം സ്ഥാനത്തേക്ക് ആവുകയും ചെയ്തു.

ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് നിലവിൽ ഒന്നാമതുള്ളത്. ന്യൂസീലൻഡ്, ഓസ്ട്രേലിയ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകൾ. ഇന്ത്യയ്ക്കു പുറമെ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ ടീമുകൾക്കും മുൻപ് പെനാൽറ്റി പോയിന്റ് ലഭിച്ചിട്ടുണ്ട്. 2025ലാണ് അടുത്ത ചാംപ്യൻഷിപ്പ് ഫൈനൽ.

അതേസമയം പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേതുമായ മത്സരം ജനുവരി 3ന് ആരംഭിക്കും. ആദ്യ ടെസ്റ്റിൽ മൂന്നാം ദിനംതന്നെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ജയം അനിവാര്യമാണ്. പരുക്കേറ്റ ടെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗറാവും ദക്ഷിണാഫ്രിക്കയെ നയിക്കുക. കെ.എൽ.രാഹുലും വിരാട് കോലിയും ഒഴികെയുള്ളവർക്ക് സ്കോർ കണ്ടെത്താനാവാതെ വന്നതോടെ ഇന്ത്യ ഇന്നിങ്സ് തോൽവി വഴങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here