വീണതല്ല, വീഴ്ത്തിയതാ..! ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയുടെ ബൗൺസറിൽ നിന്ന് ഒഴി‍ഞ്ഞുമാറാൻ ശ്രമിക്കുന്ന ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണ.

ടീമിൽ അധികം പേരും പുതുമുഖങ്ങളായിരുന്നിട്ടും, സമീപകാല ടെസ്റ്റ് പ്രകടനങ്ങൾ മോശമായിരുന്നിട്ടും സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ എങ്ങനെ മെരുക്കി? ആ തന്ത്രം വളരെ ലളിതമായിരുന്നു – മൈൻഡ് ഗെയിം ! കളിക്കരുത്തിനെക്കാൾ ഇന്ത്യൻ താരങ്ങൾക്കു മുകളിൽ മാനസികാധിപത്യം നേടിയെടുത്താണ് ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ദക്ഷിണാഫ്രിക്കയുടെ ‘കളി’യിൽ ഇന്ത്യൻ താരങ്ങൾ വളരെ വേഗം വീണതോടെ 2 ദിവസം മുൻപേ ആദ്യ ടെസ്റ്റിനും പരിസമാപ്തി!

കളി’ തുടങ്ങി, കളിക്കു മുൻപേ

‘ആദ്യ ദിനം മഴ കൊണ്ടുപോകും, പിച്ച് പേസ് ബോളർമാർക്ക് അനുകൂലമാകും, ടോസ് നിർണായകം’– മത്സരം തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപ് സെഞ്ചൂറിയനിലെ പിച്ച് ക്യുറേറ്റർ നടത്തിയ ഈ പ്രതികരണം ഇന്ത്യൻ ക്യാംപിൽ അങ്കലാപ്പുണ്ടാക്കി. ദക്ഷിണാഫ്രിക്കൻ പേസർമാരെക്കുറിച്ചുള്ള ‘ഭയം’, ടോസ് നഷ്ടപ്പെട്ടാ‍ൽ പകുതി തീ‍ർന്നെന്ന മുൻവിധി– ഇതു രണ്ടുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. പേടിച്ചപോലെ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്. അതോടെ ഇന്ത്യ മാനസികമായി ബാക്ക് ഫൂട്ടിൽ. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നത് മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി

ബൗൺസർ ട്രാപ്

പേസും ബൗൺസും ആവശ്യത്തിലധികമുള്ള പിച്ചിൽ ആദ്യ ഇന്നിങ്സിൽ ബൗൺസറുകളിലൂടെ ഇന്ത്യയെ ബാക്ക് ഫൂട്ടിലേക്കു തള്ളിയ ദക്ഷിണാഫ്രിക്കൻ പേസർമാർ, രണ്ടാം ഇന്നിങ്സിൽ യോർക്കറുകളും ഫുൾ ലെങ്ത് പന്തുകളുമായാണ് ഇന്ത്യയെ കുരുക്കിയത്. ബൗൺസറുകൾ നേരിടാൻ മാനസികമായി തയാറെടുത്ത ഇന്ത്യൻ ബാറ്റർമാർ, അപ്രതീക്ഷിതമായി ഫുൾ ലെങ്ത് പന്തുകൾ വന്നതോടെ പരുങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയവരുടെ പുറത്താകൽ ഉദാഹരണം.

എൽഗറും ബൗൺസറും

കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ 3,2,26,0,15,10 എന്നിങ്ങനെയായിരുന്നു ഡീൻ എൽഗറുടെ സ്കോർ. ഇതിൽ ആറിൽ 4 തവണയും എൽഗർ പുറത്തായത് ബോഡി ലൈൻ ബൗൺസറുകളിലായിരുന്നു. ബോഡി ലൈൻ ബൗൺസറുകൾ നേരിടുന്നതിൽ എൽഗർക്കുള്ള പ്രശ്നം പ്രസിദ്ധമാണെന്നിരിക്കെ, അത്തരം പന്തുകൾ എറിയാനോ ഷോട് ലെഗ്, ലെഗ് സ്ലിപ് ഫീൽഡുകൾ ഇട്ട് എൽഗറെ പ്രതിരോധത്തിലാക്കാനോ ഇന്ത്യ ഒരിക്കൽപോലും ശ്രമിച്ചില്ല. 185 റൺസ് നേടിയ എൽഗർ ഒടുവിൽ പുറത്തായത് ഇത്തരമൊരു പന്തിലാണെന്നതും കൗതുകം.

പിച്ചിലെ വേഗശാസ്ത്രം

മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയുന്ന 4 പേസർമാരുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയതെങ്കിൽ ഇന്ത്യൻ പേസർമാരുടെ ശരാശരി വേഗം മണിക്കൂറിൽ 135 കിലോമീറ്ററിൽ താഴെയായിരുന്നു. ജസ്പ്രീത് ബുമ്ര പോലും വളരെ വിരളമായാണ് 140 മാർക്ക് കടന്നത്. വേഗത്തിലെ ഈ വ്യത്യാസം ഇന്ത്യൻ ബോളർമാരുടെ ബൗൺസർ അനായാസം നേരിടാൻ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ സഹായിച്ചു.

ഇടംകൈ ഇല്ലാതെ…

നാൻഡ്രെ ബർഗർ– മാർകോ യാൻസൻ ഇടംകൈ പേസ് ജോടിയാണ് മത്സരത്തിൽ ഇന്ത്യയ്ക്കു കാര്യമായ വെല്ലുവിളി ഉയർത്തിയത്. റൗണ്ട് ദ് വിക്കറ്റ് എത്തി, ആംഗിളിൽ അകത്തേക്കു പന്തെറിഞ്ഞ് ഔട്ട് സ്വിങ് ചെയ്യിക്കുന്ന ഇരുവരും ഇന്ത്യൻ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു. മറുവശത്ത്, ഇത്തരമൊരു നീക്കം നടത്താൻ ഒരു ഇടംകൈ പേസർ ഇന്ത്യൻ നിരയിൽ ഇല്ലായിരുന്നു. ഏറക്കുറെ ഒരേ താളത്തിൽ പന്തെറിയുന്ന ഇന്ത്യയുടെ 4 വലംകൈ പേസർമാർക്കും കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here