സൂറ ഈവനിങ് കള്‍ച്ചറല്‍ ടൂര്‍സ്’ എന്ന പേരില്‍ ആരംഭിച്ച രാത്രി ടൂറുകള്‍ ഉപയോഗപ്പെടുത്തി സന്ദര്‍ശകര്‍ക്ക് രാത്രികാലങ്ങളിലും ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് കാണാന്‍ ഇനി മുതല്‍ സാധിക്കും. രാത്രി 10 മുതല്‍ രാവിലെ 9 വരെയാണ് ഫീസ് ഇടാക്കിയുള്ള ടൂര്‍ സര്‍വീസ്. പകല്‍ സമയത്ത് സൗജന്യ പ്രവേശനം തുടരും. അബുദാബി വിമാനത്താവളത്തിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് ക്രമീകരണം.

അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്

അബുദാബി: ലോക പ്രശസ്തമായ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശകര്‍ക്കായി രാത്രി ടൂറുകള്‍ ആരംഭിക്കുന്നു. ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി 24 മണിക്കൂറും മസ്ജിദ് തുറന്നിടും.

വിനോദസഞ്ചാരികള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 9 വരെ പള്ളിയിലേക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചതായി ഗ്രാന്‍ഡ് മോസ്‌ക് അധികൃതര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രഖ്യാപിച്ചു. പകല്‍ സമയങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മസ്ജിദ് സന്ദര്‍സിക്കാന്‍ വേണ്ടിയാണ് പുതിയ ക്രമീകരണം.

24 മണിക്കൂറും പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നതോടെ യാത്രാവേളയിലോ കണക്റ്റിങ് ഫ്‌ലൈറ്റുകള്‍ക്കായി കാത്തിരിക്കുമ്പോഴോ പള്ളി സന്ദര്‍ശിക്കാന്‍ ഇതിലൂടെ സന്ദര്‍ശകര്‍ക്കും സാധിക്കും. ഗ്രാന്‍ഡ് മോസ്‌കിലെ മനോഹരമായ വാസ്തുവിദ്യ അടുത്തറിയാനും ഇസ്ലാമിക ചരിത്രം മനസിലാക്കാനുമാണ് കൂടുതല്‍ പേരും ഇവിടെയെത്തുന്നത്.

‘സൂറ ഈവനിങ് കള്‍ച്ചറല്‍ ടൂര്‍സ്’ എന്ന പേരിലാണ് ഗാന്‍ഡ് മോസ്‌കിലേക്കുള്ള രാത്രി ടൂറുകള്‍ ആരംഭിച്ചത്. 20 ആളുകളുടെ ഗ്രൂപ്പുകള്‍ക്ക് ഒരുമിച്ച് പോകാം. ഒരു സന്ദര്‍ശകന് 20 ദിര്‍ഹം (453 രൂപ) ആണ് നിരക്ക്. രാവിലെ 9 മുതല്‍ രാത്രി 10 വരെയുള്ള സൗജന്യ പ്രവേശനം തുടരും.

ഗാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കാത്തിരിപ്പ് ഒഴിവാക്കാനാണ് ഏത് സമയത്തും സൗകര്യമൊരുക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് (എഡിഎംഒ) റിപ്പോര്‍ട്ട് ചെയ്തു. കാഴ്ച വൈകല്യമുള്ളവര്‍ക്കും ബധിരര്‍ക്കും 14 ഭാഷകളിലുള്ള മള്‍ട്ടിമീഡിയ ഗൈഡ് ഉപകരണങ്ങള്‍ രാത്രി ടൂറുകളിലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here