രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിംഗ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും.

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും എമിറേറ്റ്സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ചു.

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിംഗ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യുഎഇ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എം.ഡി. ഡോ. മനീഷ് കുമാര്‍ പറഞ്ഞു.

പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവം. ഈ പദ്ധതി വഴി പ്രവാസികള്‍ക്ക് ചിലവും സമയവും ലാഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത ചിലവ് കാരണം യുഎ ഇയിലെ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ പല പ്രവാസികള്‍ക്കും സാധിക്കാറില്ല. ടെസ്റ്റുകളുടെ എണ്ണത്തിനനുസരിച്ച് 5000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ചിലവ്.

പ്രവാസികള്‍ കൂടുതലുള്ള കേരളം, പഞ്ചാബ്‌, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായിരിക്കും നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളില്‍ ലെഫ്റ്റ് ഹാന്‍ഡ്‌ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കും. അടുത്ത ഘട്ടത്തില്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളുടെ ഡ്രൈവിംഗ് പരിശീലനം തുടങ്ങുന്ന തരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here