ബ
ദുബൈ: ശൈത്യകാല ആഘോഷങ്ങൾക്ക് എമിറേറ്റിൽ തുടക്കമായതോടെ വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനും ദുബൈ നിവാസികൾക്ക് സന്തോഷകരമായ ശീതകാല വിനോദങ്ങൾ ആസ്വദിക്കുന്നതിനും ‘ടൂറിസം ക്യാമ്പ്’ സംഘടിപ്പിച്ച് ദുബൈ പൊലീസ്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായുള്ള ടൂറിസം പൊലീസ് ഡിപ്പാർട്മെന്റിനെ പ്രതിനിധാനം ചെയ്താണ് ദുബൈ പൊലീസ് ടൂറിസ്റ്റ് കമ്പനികൾ, ജീവനക്കാർ, വിനോദ സഞ്ചാരികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.
ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്മെന്റിന്റെ പോസിറ്റിവ് സ്പിരിറ്റ് സംരംഭമായ ജനറൽ ഡിപ്പാർട്മെന്റ് ഫോർ കമ്യൂണിറ്റി ഹാപ്പിനസും പരിപാടിയിൽ സഹകരിച്ചിരുന്നു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഫോർ അഡ്മിനിസ്ട്രേഷൻ അഫേഴ്സ് അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹരിബ് അൽശംസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വർഷം മുഴുവൻ വിവിധ ബോധവത്കരണ പരിപാടികളിലൂടെ പൊതു സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും സന്തോഷം നിലനിർത്തുകയും ചെയ്യുന്നതിൽ കേന്ദ്രീകരിക്കുന്ന ദുബൈ കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടതെന്ന് ബ്രിഗേഡിയർ ഹരിബ് അൽ ശംസി പറഞ്ഞു. സുരക്ഷിതമായ ടൂറിസം സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ സേവങ്ങൾ ക്യാമ്പിൽ വിശദീകരിച്ചു.
കൂടാതെ ടൂറിസം രംഗത്തുള്ള ജീവനക്കാർക്ക് വിവിധ വർകഷോപ്പുകളും പൊലീസ് വാഗ്ദാനം ചെയ്തു. സന്ദർശകർക്ക് ദുബൈ പൊലീസിന്റെ സുവനീറുകളും ചടങ്ങിൽ വിതരണം ചെയ്തിരുന്നു. അതോടൊപ്പം ദുബൈ പൊലീസിന്റെ ആഡംബര പെട്രോൾ വാഹനനങ്ങൾ കാണാനും ഫോട്ടോ എടുക്കാനും അവസരമുണ്ടായിരുന്നു. 39 ടൂറിസ്റ്റ് കമ്പനികൾ, 50 ജീവനക്കാർ, 400 ടൂറിസ്റ്റുകൾ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.