യുഎഇയെ കാർബൺ രഹിതമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ 27,200 കോടി ഡോളർ നൽകും.

ദുബായ് ∙ 2050ഓടെ കാർബൺ രഹിത രാജ്യമെന്ന യുഎഇയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ യുഎഇ ബാങ്ക്സ് ഫെഡറേഷൻ 27,200 കോടി ഡോളർ സുസ്ഥിര ധനസഹായം വാഗ്ദാനം ചെയ്തു. ദുബായിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ (കോപ് 28) ധനകാര്യ ദിനത്തിലാണ് രാജ്യത്തെ 56 ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്തവേദിയായ യുഎഇ ബാങ്ക് ഫെഡറേഷൻ ധനസഹായം വാഗ്ദാനം ചെയ്തത്. സുസ്ഥിര സാമ്പത്തിക ലക്ഷ്യം ഏകീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് യുഎഇ ബാങ്ക് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അൽ ഗുറൈർ പറഞ്ഞു.

ഹരിത ഭാവിയുമായി ധനകാര്യത്തെ വിന്യസിക്കുന്ന പാത രൂപപ്പെടുത്തും. ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റഖ് ബാങ്ക്, അബുദാബി കോമേഴ്‌സ്യൽ ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി, ദുബായ് ഇസ്‌ലാമിക് ബാങ്ക്, ആർഎകെ ബാങ്ക്, നാഷനൽ ബാങ്ക് ഓഫ് ഫുജൈറ, അബുദാബി ഇസ്‌ലാമിക് ബാങ്ക് എന്നിവയുൾപ്പെടെ പതിനൊന്ന് യുഎഇ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം

സുസ്ഥിര ധനസമാഹരണത്തിന് യുഎഇയിലും ആഗോളതലത്തിലും നടക്കുന്ന സുപ്രധാന ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ് ഈ നീക്കമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബാലമ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമ്പോൾ നൂതന പരിഹാരങ്ങൾ കണ്ടെത്തുന്നതിലും പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും സാമ്പത്തിക മേഖല സുപ്രധാന പങ്കു വഹിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള ഈ സഹകരണം നിർണായകമാണെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലഭ്യമായ പണവും യഥാർഥ ആവശ്യകതയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയ ദിവസം തന്നെ ബാങ്ക് ഫെഡറേഷന്റെ പ്രഖ്യാപനത്തിന് വൻ പ്രാധാന്യം കൈവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here