സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും.

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കർക്കും വിരാട് കോലിക്കും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന ചടങ്ങിനാണ് സച്ചിനും കോലിക്കും ക്ഷണമുള്ളതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 8,000 ആളുകളെയാണ് പ്രതിഷ്ഠാ ചടങ്ങുകൾക്കായി ക്ഷണിക്കുന്നത്.

2024 ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിരാട് കോലി ഈ സമയത്ത് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ തിരക്കിലാകാനാണു സാധ്യത. ജനുവരി 25ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം.

ഏകദിന ക്രിക്കറ്റിലെ 49 സെഞ്ചറികളെന്ന സച്ചിൻ തെന്‍ഡുൽക്കറുടെ നേട്ടം അടുത്തിടെ വിരാട് കോലി മറികടന്നിരുന്നു. ഏകദിനത്തിൽ കോലിക്ക് 50 സെഞ്ചറികളാണ് ഇപ്പോഴുള്ളത്. ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം വിശ്രമത്തിലാണു കോലി. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരം ടീമിലേക്കു മടങ്ങിയെത്തും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ട്വന്റി20, ഏകദിന മത്സരങ്ങളിലും കോലി കളിക്കുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here