അബുദാബി ∙ യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് നിബന്ധന. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. ഇതോടെ 2 വർഷത്തിനകം ഈ വിഭാഗം കമ്പനികളിൽ മൊത്തം 24,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് 12,000 കമ്പനികൾക്കു നേരത്തെ നിർദേശം നൽകിയിരുന്നു

സ്വദേശിവൽക്കരണ മേഖലകൾ

വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, കംപ്യൂട്ടർ പ്രോഗ്രാമിങ്/ കൺസൾട്ടൻസി/ മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, വെബ്സൈറ്റ് നിർമാണം, ഡേറ്റ പ്രോസസിങ്, ഹോസ്റ്റിങ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, ഫിനാൻഷ്യൽ അനാലിസിസ്, കൺസൽറ്റിങ്, ബാങ്കിങ് സർവീസ്, കറൻസി, ലോഹ വിപണനം, ലോൺ ഷെഡ്യൂളിങ്, മോർട്ട്ഗേജ് ബ്രോക്കർ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫമേറ്റീവ് ഇൻഡസ്ട്രീസ്, ട്രാൻസ്പോർട്ടേഷൻ ആൻ‍ഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്, വിവര ഗവേഷണം, സർവേ സേവനങ്ങൾ, വാണിജ്യേതര വിവര സേവനം എന്നീ വിഭാഗം കമ്പനികളിലാണ് സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്.

നിയമലംഘനത്തിന് വൻതുക പിഴ

സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങൾക്ക് വർഷത്തിൽ 84,000 ദിർഹം പിഴ ചുമത്തും. 2025 ഡിസംബറോടെ മൊത്തം 2 യുഎഇ പൗരന്മാർക്ക് ജോലി നൽകാത്ത കമ്പനിക്കുള്ള പിഴ 168,000 ദിർഹമായി വർധിക്കും.

ആശങ്കയോടെ ചെറുകിടക്കാർ

ചെറുകിട, ഇടത്തരം കമ്പനികളിൽ സ്വദേശിവൽക്കരണം സാമ്പത്തിക ബാധ്യത കൂട്ടുമെന്ന ആശങ്കയിലാണ് വിദേശ കമ്പനി ഉടമകൾ. 5 വിദേശ ജോലിക്കാർക്കു നൽകുന്ന ശമ്പളത്തിലേറെ തുക ഒരു സ്വദേശി ജീവനക്കാരന് നൽകണമെന്നതാണ് നേരിടുന്ന വെല്ലുവിളി.

50ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിലെ സ്വദേശിവൽക്കരണം

യുഎഇയിൽ 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിലെ സ്വദേശിവൽക്കരണ അനുപാതം ഈ വർഷം മുതൽ 6 ശതമാനത്തിലേക്ക് ഉയരുന്നു. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം വർഷത്തിൽ 2% വീതം 5 വർഷം കൊണ്ട് 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഭൂരിഭാഗം കമ്പനികളും കഴിഞ്ഞ 2 വർഷങ്ങളിലായി 4% സ്വദേശികളെ നിയമിച്ചിരുന്നു. ഈ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി 2023 ഡിസംബർ 31ന് അവസാനിച്ചിരുന്നു. ഇന്നലെ മുതൽ ഈ വർഷത്തെ 2% കൂടി ചേർത്ത് മൊത്തം 6% സ്വദേശികളെ നിയമിക്കണം. സ്വകാര്യ കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ ഒരാൾ (ജൂൺ, ഡിസംബർ) എന്ന തോതിൽ നിയമിച്ചാൽ മതിയെന്ന സാവകാശവും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നൽകിയിരുന്നു.

ജോലി ഒഴിവുകൾ സർക്കാരിന്റെ നാഫിസ് പ്ലാറ്റ്ഫോമിൽ (www.nafis.gov.ae) പോസ്റ്റ് ചെയ്ത് അനുയോജ്യമായ ഉദ്യോഗാർഥികളെ കണ്ടെത്താം. ഓരോ ജോലിക്കും യോഗ്യരായ യുഎഇ പൗരനെ കണ്ടെത്തി പരിശീലനം നൽകി ലഭ്യമാക്കും. ഇതുവരെ 18,000 സ്വകാര്യ കമ്പനികളിലായി 88,000 യുഎഇ പൗരന്മാർ ജോലി ചെയ്തുവരുന്നു. നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികളെ എമിററ്റൈസേഷൻ പാർട്ണേഴ്സ് ക്ലബിൽ ചേർത്ത് സർക്കാർ ഫീസിൽ 80% ഇളവ്, സർക്കാർ ടെൻഡറിൽ മുൻഗണന തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിവരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here