സെഞ്ചറി തികച്ചപ്പോൾ ടോണി ഡി സോർസിയുടെ ആഹ്ലാദം.

കെബർഹ (ദക്ഷിണാഫ്രിക്ക) ∙ ആദ്യ ഏകദിനത്തിലെ 8 വിക്കറ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്ക അതേ നാണയത്തിൽ പകരംവീട്ടി. ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയർക്ക് 8 വിക്കറ്റ് ജയം. സ്കോർ: ഇന്ത്യ 46.2 ഓവറിൽ 211നു പുറത്ത്. ദക്ഷിണാഫ്രിക്ക 42.3 ഓവറിൽ 2ന് 215. മൂന്നു മത്സര പരമ്പര ഇതോടെ 1–1 എന്ന നിലയിൽ. നിർണായകമായ അവസാന മത്സരം നാളെ.

ചെറിയ സ്കോറിന് ഇന്ത്യയെ എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക അനായാസമായാണ് വിജയത്തിലെത്തിയത്. സെഞ്ചറി നേടിയ ഓപ്പണർ ടോണി ഡി സോർസിയാണ് (122 പന്തിൽ 119 നോട്ടൗട്ട്) വിജയശി‍ൽപി. റീസ ഹെൻഡ്രിക്സ് (52), റസി വാൻഡർ ദസൻ (36) എന്നിവർ മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഹെൻഡ്രിക്സ്–സോർസി സഖ്യം 130 റൺസ് നേടിയപ്പോൾ തന്നെ ദക്ഷിണാഫ്രിക്കയുടെ വിജയവഴി തെളിഞ്ഞു. 9 ഫോറും 6 സിക്സും അടങ്ങുന്നതാണ് സോർസിയുടെ ഇന്നിങ്സ്. കരിയറിലെ നാലാം ഏകദിനം കളിച്ച സോർസിയുടെ കന്നി സെഞ്ചറിയാണിത്. ഹെൻഡ്രിക്സ് 7 ഫോറടിച്ചു.

നേരത്തേ ഓപ്പണർ സായ് സുദർശനും (62) ക്യാപ്റ്റൻ കെ.എൽ.രാഹുലും (56) അർധ സെഞ്ചറി നേടിയിട്ടും ഇന്ത്യയ്ക്ക് വലിയ സ്കോറിലെത്താനായില്ല. പിച്ചിലെ സാഹചര്യങ്ങൾ മുതലെടുത്ത് മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്ത്യയെ എറിഞ്ഞൊതുക്കി. നാൻഡ്രെ ബർഗർ 3 വിക്കറ്റ് വീഴ്ത്തി. ബ്യൂറൻ ഹെൻഡ്രിക്സ്, കേശവ് മഹാരാജ് എന്നിവർ 2 വിക്കറ്റ് വീതം.

LEAVE A REPLY

Please enter your comment!
Please enter your name here